തളിപ്പറമ്പ്: തളിപ്പറമ്പില്‍ ശക്തമായ ഇടിമിന്നലില്‍ നാല്‌പേര്‍ക്ക് പരിക്കേറ്റു. കരിമ്പം ഫാമിലെ രണ്ട് സ്ത്രീ തൊഴിലാളികള്‍ക്കും കൂവേരി മൃഗാശുപത്രിയില്‍ ജോലിചെയ്യുന്ന രണ്ട് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുമാണ് പരിക്ക്. രാവിലെ പതിനൊന്നോടെ ഉണ്ടായ ശക്തമായ മിന്നലില്‍ ഫാമിലെ കാരത്തുംപാറ ബ്ലോക്കില്‍ ജോലി ചെയ്യുകയായിരുന്ന കരിമ്പം ബ്ലോക്ക് ഓഫീസിന് സമീപത്തെ എ.ഗീത(45), പാലത്തിന് സമീപത്തെ വി.വി ഷൈല(50) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ മിന്നലേറ്റു തെറിച്ചു വീഴുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ഫാം തൊഴിലാളികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. ഷൈല തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലും, ഗീത സഹകരണ ആശുപത്രിയിലും ചികിത്സ തേടി.
ഇതേ സമയത്തു തന്നെയാണ് തന്നെ ശക്തമായ മിന്നലേറ്റ് കൂവേരി സ്വദേശികളായ രണ്ടു പേര്‍ക്ക് പരിക്കേറ്റത്. കൂവേരിയിലെ കെ.പീതാബരന്‍(55), ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍ പെരുമ്പാവൂര്‍ സ്വദേശി പി.ആര്‍.രാജേഷ്‌കുമാര്‍(40)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇടിമിന്നലേറ്റ് തെറിച്ചുപോയ പീതാംബരനെ രാജേഷ്‌കുമാറിന്റെ അവസരോചിതമായ ഇടപെടലാണ് രക്ഷിച്ചത്.
















