കൂത്തുപറമ്പ്: പരിസ്ഥിതി സംരക്ഷണത്തിന്റെ വേറിട്ടപാഠങ്ങളാണ് കൂത്തുപറമ്പ് തൊക്കലങ്ങാടി സ്‌കൂളില്‍ നമുക്ക് കാണാന്‍ സാധിക്കുക. കേവലം പരിസ്ഥിതി ബോധവല്‍ക്കരണമെന്നതിനപ്പുറം കുട്ടികള്‍ക്ക് പ്രകൃതിയുമായി ഒത്തിണങ്ങിപ്പോകാന്‍ സ്‌കൂള്‍ പരിസരത്ത് വിവിധ തരത്തിലുള്ള കാര്‍ഷിക വിളകള്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. പതിനൊന്ന് വര്‍ഷമായി സ്‌കൂളില്‍ കൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട്. വിദ്യാര്‍ത്ഥികളില്‍ മികച്ച പരിസ്ഥിതി ബോധം സൃഷ്ടിക്കാന്‍ ഇതുകൊണ്ട് സാധിച്ചിട്ടുണ്ട്. അധ്യാപകരുടെ മേല്‍നോട്ടത്തില്‍ വിദ്യാര്‍ത്ഥികളാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്. അധ്യയന ദിവസങ്ങളില്‍ മാത്രമല്ല ഇവിടെ കൃഷിപരിപാലനവും മരം സംരക്ഷിക്കലും നടക്കുന്നത്. വേനലവധിയായാലും അധ്യാപകരും ഒരു കൂട്ടം വിദ്യാര്‍ത്ഥികളും എപ്പോഴും സജീവമായി സ്‌കൂള്‍ പരിസരത്തുണ്ടാവും. കേവലം കൃഷി എന്നതിലപ്പുറം വിദ്യാര്‍ത്ഥികളില്‍ കാര്‍ഷിക സംസ്‌കൃതിയുടെ അവബോധം സൃഷ്ടിച്ചത് കൊണ്ടാണ് ഇത് സാധ്യമാകുന്നതെന്നാണ് മേല്‍നോട്ടം വഹിക്കുന്ന രാജന്‍ മാസ്റ്റര്‍ പറയുന്നത്. സ്‌കൂളിനോട് ചേര്‍ന്ന് ഇരുനൂറ്റി അന്‍പതോളം ഔഷധ സസ്യങ്ങളുള്ള മനോഹരമായ ഒരു തോട്ടം തന്നെ തയ്യാറാക്കിയിട്ടുണ്ട്. സ്‌കൂളിന് മുന്നില്‍ എല്ലാ വര്‍ഷവും ഒരു നിശ്ചിത സ്ഥലത്ത് ആഘോഷമായി നെല്‍കൃഷിയും നടത്താറുണ്ട്. ഔഷധ സസ്യങ്ങള്‍ മാത്രമല്ല, പച്ചക്കറികളും മറ്റ് കാര്‍ഷിക വിളകളുമെല്ലാം സമൃദ്ധമായി നമുക്ക് സ്‌കൂള്‍ കോമ്പൗണ്ടില്‍ കാണാന്‍ സാധിക്കും. സ്‌കൂളും പരിസര പ്രദേശങ്ങളും ഇപ്പോള്‍ പൂര്‍ണ്ണമായും പ്ലാസ്റ്റിക് മുക്തമാണ്. സ്‌കൂളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് മിക്ക വിദ്യാര്‍ത്ഥികളും സ്വന്തം വീടുകളിലും മരങ്ങള്‍ നട്ടുപിടിപ്പിക്കുകയും പച്ചക്കറി കൃഷി നടത്തുകയും ചെയ്യുന്നുണ്ട്.
















