കുട്ടനാട്: കാവാലം, കുന്നുമ്മ എന്നിവിടങ്ങളില്‍ വില്ലേജ് ഓഫിസര്‍ ഇല്ലാതായിട്ട് രണ്ടുമാസം, പകരം നിയമനം നടക്കാത്തതിനാല്‍ ജനം വലയുന്നു. കൃഷി, വിദ്യാഭ്യാസം, കെട്ടിട നിര്‍മാണം തുടങ്ങിയ മേഖലകളിലാണ് ഇതുമൂലം ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത്.
പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതിനാലും രണ്ടാംകൃഷിക്കുമായി വില്ലേജ് ഓഫിസില്‍നിന്ന് വിവിധ സര്‍ട്ടിഫിക്കറ്റുകളാണ് ആവശ്യമുള്ളത്. ഉന്നത വിദ്യാഭ്യാസത്തിന് തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതുണ്ട്. നോണ്‍ക്രീമിലെയര്‍, വരുമാനം, നേറ്റിവിറ്റി തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍ വില്ലേജ് ഓഫിസറാണ് നല്‍കേണ്ടത്.
കാര്‍ഷിക വായ്‌പകള്‍ക്കാവശ്യമായ മുഴുവന്‍ സര്‍ട്ടിഫിക്കറ്റുകളും വില്ലേജ് ഓഫിസില്‍ നിന്നാണ് ലഭിക്കേണ്ടത്.
വസ്തു, ഭവന നിര്‍മാണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് കൈവശാവകാശം, ലൊക്കേഷന്‍, റവന്യു റിക്കവറി തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍, വിവിധ പെന്‍ഷന്‍ ആവശ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ജനം, മരണം എന്നിവ വൈകി രജിസ്റ്റര്‍ ചെയ്യുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ നല്‍കുന്നതിനും വില്ലേജ് ഓഫിസറുടെ സേവനം ആവശ്യമാണ്. ഇവിടുത്തെ വില്ലേജ് ഓഫിസറുടെ അഭാവത്തില്‍ പുളിങ്കുന്ന വില്ലേജ് ഓഫിസര്‍ക്കാണ് അധികച്ചുമതല.
എന്നാല്‍ ഏറെ തിരക്കുള്ളതിനാല്‍ കുന്നുമ്മയിലെ കാര്യങ്ങള്‍ ശ്രദ്ധിക്കാനാകുന്നില്ല. കുന്നുമ്മ വില്ലേജിലെ ഹെഡ് ക്ലാര്‍ക്കു ഇപ്പോള്‍ അവധിയിലായത് ഓഫിസ് കാര്യങ്ങള്‍ കൂടുതല്‍ അവതാളത്തിലാക്കി.
















