കോട്ടയം: സ്വകാര്യബസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാനുകൂല്യം ലഭിക്കുന്നതിനുള്ള കാര്‍ഡുകള്‍ തയ്യാറായിട്ടുള്ളതായി കളക്‌ട്രേറ്റില്‍ ചേര്‍ന്ന സ്റ്റുഡന്‍സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗത്തില്‍ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കെ.പ്രേമാനന്ദന്‍ അറിയിച്ചു. കാര്‍ഡുകള്‍ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ലഭ്യമാണ്. പുതിയതായി ചേര്‍ന്നിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് കാര്‍ഡുകള്‍ നല്‍കുക. കാര്‍ഡ് ആവശ്യമുള്ള വിദ്യാര്‍ത്ഥികളുടെ ലിസ്റ്റും ബന്ധപ്പെട്ട വിവരങ്ങളും സ്‌കൂള്‍, കോളേജ് അധികൃതര്‍ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ നല്‍കണം.
വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് കാര്‍ഡ് നല്‍കുന്നതല്ല. കണ്‍സഷന്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് 40 കിലോമീറ്ററിനകത്ത് ഒരു ദിവസം രണ്ട് തവണ യാത്രാനുകൂല്യം ലഭിക്കും. വ്യാജ കണ്‍സഷന്‍ കാര്‍ഡുപയോഗിച്ച് യാത്ര ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആര്‍.ടി.ഒ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായ ബസ്സ് യാത്ര ഉറപ്പുവരുത്തുന്നതിനുള്ള സര്‍ക്കാര്‍ ശ്രമങ്ങളുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത ബസ്സുടമ സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ. രാജന്‍ അദ്ധ്യക്ഷത വഹിച്ചു.
















