ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ സ്റ്റാര്‍ സംസ്‌കാരത്തിനെതിരെ ആഞ്ഞടിച്ച് ബിസിസിഐ യുടെ ഇടക്കാല ഭരണസമിയില്‍ നിന്ന് രാജിവെച്ച രാമചന്ദ്ര ഗുഹ. രാജിക്കുളള കാരണങ്ങള്‍ വ്യക്തമാക്കി ഇടക്കാല ഭരണ സമിതി അധ്യക്ഷന്‍ വിനോദ് റായിക്കെഴുതിയ കത്തിലാണ് ധോണിക്കും ദ്രാവിഡിനും സുനില്‍ ഗവാസ്‌ക്കറിനും എതിരെയും സൂപ്പര്‍ താര സംസ്‌കാരത്തിനെതിരെയും ഗുഹ ആഞ്ഞടിച്ചത്.
സൂപ്പര്‍താരങ്ങളായവര്‍ക്ക് അമിതമായ പ്രാധാന്യമാണ് ക്രിക്കറ്റ് ബോര്‍ഡ് നല്‍കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ടും ധോണിക്ക് എ ഗ്രേഡ് നല്‍കുന്നു. ദ്രാവിഡ് ഒരേ സമയം ഐപിഎല്‍ ടീമായ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെയും അണ്ടര്‍ -19 ദേശീയ ടീമിന്റെയും കോച്ചായി തുടരുന്നു. അതേസമയം ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സിനീയര്‍ ടീം കോച്ച് അനില്‍ കുബ്ലെയെ ബിസിസിഐ തഴയുകയാണ്. ടീം മികച്ച പ്രകടനം കാഴ്ചവെച്ചതിന്റെ ക്രെഡിറ്റ് കളിക്കാര്‍ക്കു ലഭിച്ചു. എന്നാല്‍ കോച്ചിന് കിട്ടുന്നില്ല. മികവ് കാട്ടിയ കുംബ്ലെയെ നിലനിര്‍ത്തുന്നതിനു പകരം ബിസിസിഐ പുതിയ കോച്ചിനെ തേടുകയാണ്.
മുന്‍ ക്യാപ്റ്റനും കമന്റേറ്ററുമായ സുനില്‍ ഗാവസ്‌ക്കറെയും കത്തില്‍ വിമര്‍ശിക്കുന്നുണ്ട്. ഗാവസ്‌ക്കറുടെ പ്ലേയര്‍ മാനേജ്‌മെന്റ് കമ്പിനി കൈകാര്യം ചെയ്യുന്നത് ശിഖര്‍ ധവാനാണ്.
ആഭ്യന്തര ക്രിക്കറ്റ് താരങ്ങളെ ബോര്‍ഡ് അവഗണിക്കുന്നു.അയോഗ്യരാക്കപ്പെട്ടവര്‍ ക്രിക്കറ്റ് ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കുന്നു. ഇതിനെതിരെ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കുന്നില്ല. പുരുഷ ക്രിക്കറ്റ് താരമായി ജവഗല്‍ ശ്രീനാഥിനെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം ബോര്‍ഡ് തളളിയെന്നും കത്തില്‍ പരാമര്‍ശിക്കുന്നു.
















