പാലാ: യാത്രക്കാരുടെയും ഡ്രൈവര്‍മാരുടെയും കണ്ണുകെട്ടി റിവര്‍വ്യൂ റോഡിലേക്ക് ചാഞ്ഞുനിന്ന മരച്ചില്ലകള്‍ ഇന്നലെ മുനിസിപ്പല്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ വെട്ടിമാറ്റി. വലിയ പാലത്തിന് സമീപം വെയിറ്റിംഗ് ഷെഡ്ഡിനോട് ചേര്‍ന്ന് ആറ്റുതീരത്ത് ഉയര്‍ന്നു നില്‍ക്കുന്ന മരച്ചില്ലകള്‍ യാത്രക്കാരുടെയും വാഹന ഡ്രൈവര്‍മാരുടെയും കാഴ്ചമറയ്‌ക്കുന്നതായി നാട്ടുകാര്‍ പരാതി പറഞ്ഞതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്നലെ മുനിസിപ്പല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അജയ്‌കുമാറിന്റെ നേതൃത്വത്തില്‍ എത്തിയ ജീവനക്കാരാണ് മരച്ചില്ലകള്‍ വെട്ടിമാറ്റി യാത്രക്കാര്‍ക്കും വാഹനഡ്രൈവര്‍മാര്‍ക്കുമുള്ള ബുദ്ധിമുട്ട് പരിഹരിച്ചത്.
ഈ ഭാഗത്തുള്ള വെയ്റ്റിംഗ് ഷെഡ്ഡില്‍ ബസ് കാത്തുനില്ക്കുന്ന യാത്രക്കാര്‍ക്ക് കോട്ടയം-വൈക്കം റൂട്ടിലേക്ക് വരുന്ന ബസുകള്‍ യഥാസമയം കാണാന്‍ സാധിക്കുമായിരുന്നില്ല. ബസുകളുടെ ബോര്‍ഡ് വായിക്കാന്‍ യാത്രക്കാര്‍ക്ക് വഴിയിലേക്ക് ഇറങ്ങി നില്‌ക്കേണ്ടി വന്നത് അപകടസാധ്യത വര്‍ദ്ധിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതും മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ സത്വര നടപടി കൈക്കൊണ്ടതും.
















