അരൂര്‍: അരൂര്‍ മേഖലയില്‍ സ്ത്രീരോഗ വിദഗ്‌ദ്ധ ഡോക്ടര്‍മാരില്ല. അരൂരിന്റെ അഞ്ചുകിലോമീറ്റര്‍ ചുറ്റളവില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രികളിലും പിഎച്ച്‌സികളിലും സ്ത്രീരോഗ വിദഗ്ധ ഡോക്ടര്‍മാരില്ലാത്തത് ജനങ്ങള്‍ക്ക് ദുരിതമാകുന്നു.
സ്ത്രീകളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ ഈ ആവശ്യത്തിനായി കിലോമീറ്ററുകള്‍ സഞ്ചരിച്ച് എറണാകുളം ജനറല്‍ ആശുപത്രിയിലോ തുറവൂര്‍ താലൂക്ക് ആശുപത്രിയിലോ പോകേണ്ട ഗതികേടിലാണ് നാട്ടുകാര്‍.
വര്‍ഷങ്ങളേറെയായി അരൂര്‍, അരൂക്കുറ്റി ആശുപത്രികളില്‍ ഗൈനക്കോളജിസ്റ്റിന്റെ സേവനം വേണമെന്ന ആവശ്യവുമായി അധികാര കേന്ദ്രങ്ങളില്‍ കയറിയിറങ്ങിയിട്ടും അവഗണന മാത്രമായിരുന്നു ഫലം. അരൂര്‍ മേഖലയില്‍ പ്രസവ സംബന്ധമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഡോക്ടറെ നിയമിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
മുന്‍കാലങ്ങളില്‍ ഗര്‍ഭിണികളെ സംരക്ഷിക്കുന്നതിനും ശുശ്രൂഷിക്കുന്നതിനും യഥാസമയം മരുന്നുകള്‍ ലഭ്യമാക്കുന്നതിനുമായി പഞ്ചായത്തില്‍ നിന്നും ആരോഗ്യ വിഭാഗം പ്രവര്‍ത്തകര്‍ വീടുകള്‍ തോറും കയറിയിറങ്ങി അവശ്യമായ മരുന്നുകളും നിര്‍ദ്ദേശങ്ങളും നല്‍കിയിരുന്നു.
എന്നാല്‍ ഈ പദ്ധതി ഇപ്പോള്‍ പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്.
















