കണ്ടല ലഹള ശതാബ്ദി സ്മാരകത്തിനരികില്‍ ആതിര
തിരുവനന്തപുരം: അക്ഷരവഴി തേടി തലസ്ഥാനജില്ലയിലെ ഊരൂട്ടമ്പലം സ്‌കൂളിലെത്തിയ ഒരു അഞ്ചുവയസുകാരി ആദ്യം വിരല്‍ തൊട്ടത് ചരിത്രത്തിന്റെ തിരുശേഷിപ്പില്‍. ആതിര ശ്രീജിത്ത് എന്ന ആ കുരുന്ന് അക്ഷരമധുരം നുണയാനെത്തിയത് നൂറ്റാണ്ട് മുന്‍പ് തന്റെ മുതുമുത്തശ്ശി പഞ്ചമിയെ ആട്ടിയിറക്കിയ പള്ളിക്കുടത്തിലേക്കായിരുന്നു.
വിദ്യാഭ്യാസ വിപ്ലവത്തിന് നാന്ദി കുറിച്ച പഞ്ചമിക്ക് അയിത്തം കല്‍പ്പിച്ച് ആട്ടിയിറക്കിയ പള്ളിക്കൂടത്തിലേക്കാണ് പിന്‍ മുറക്കാരി ആതിര ഇന്നലെ ഒന്നാം ക്ലാസിന്റെ പടി കയറിയെത്തിയത്. പഞ്ചമി ഇരുന്ന് പഠിച്ചിരുന്ന പാതി കത്തിയ തടി ബഞ്ച് ചരിത്ര സ്മാരകമായി സ്ഥാപിച്ച ചില്ലു പേടകത്തിനരികിലേക്കാണ് ആതിര പോയത്.
ബഞ്ചും അരികില്‍ നില്‍ക്കുന്ന പഞ്ചമിയുടെ ഛായാചിത്രവും നോക്കിക്കണ്ടു. കത്തിയെരിയുന്ന സ്‌കൂളും വിദ്യാഭ്യാസ അവകാശത്തിനായി കാളവണ്ടിയില്‍ പ്രതിഷേധ സ്വരമുയര്‍ത്തി വരുന്ന അയ്യന്‍കാളിയും പശ്ചാത്തലത്തിലുണ്ട്. ഏറെ നേരം നോക്കി നിന്നു ആതിരക്കുട്ടി ആ ചില്ലു പേടകത്തിലേക്ക്.
പഞ്ചമിക്ക് വിദ്യാഭ്യാസം നിഷേധിച്ച അന്നത്തെ കണ്ടല കുടിപ്പള്ളിക്കൂടം ഇന്ന് ഊരൂട്ടമ്പലം ഗവ. യുപി സ്‌കൂളാണ്. അന്ന് പഞ്ചമി അക്ഷരമധുരം നുകരാന്‍ ആദ്യ ദിവസമിരുന്ന തടി ബഞ്ച് സവര്‍ണ്ണ പ്രഭുക്കന്മാര്‍ കത്തിച്ചിരുന്നു. പാതി വെന്ത ആ ബഞ്ച് വലിയൊരു തെറ്റിന്റെ ഓര്‍മ്മപ്പെടുത്തലായി സൂക്ഷിച്ചിരുന്നു.
ഈ ബഞ്ചാണ് സ്മാരകമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ഉദ്ഘാടനം ചെയ്തത്. മാറനല്ലൂര്‍ ആലംപൊറ്റ ശ്രീജിത്തിന്റെയും ദീപ്തിയുടെയും മകളാണ് ആതിര. ദീപ്തിയുടെ മുത്തച്ഛന്റെ സഹോദരിയാണ് പഞ്ചമി. ആരതി പഞ്ചമിയുടെ കുടുംബത്തിലെ അഞ്ചാം തലമുറക്കാരിയും.
















