തിരുവനന്തപുരം: എല്ലാ വീട്ടിലും ഒരു വേപ്പും കറിവേപ്പുമെത്തിക്കുന്ന സംസ്ഥാന ഔഷധ സസ്യബോര്‍ഡിന്റെ ‘ഗൃഹചൈതന്യം’ പദ്ധതിക്ക് തുടക്കമായി. ഗവര്‍ണര്‍ പി.സദാശിവം കറിവേപ്പിന്റെയും ആര്യവേപ്പിന്റെയും തൈകള്‍ മേയര്‍ വി.കെ. പ്രശാന്തിന് നല്‍കി പദ്ധതി ഉദ്ഘാടനം ചെയ്തു.
വീടുകളില്‍ വളരുന്ന ഔഷധച്ചെടികള്‍ നമുക്ക് വേണ്ടാതായിരിക്കുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. ബ്രിട്ടീഷുകാര്‍ പോലും അംഗീകരിച്ച നമ്മുടെ ചികിത്സാ രീതികള്‍ നാം അവഗണിച്ചു. അനുകൂല സാഹചര്യങ്ങളുണ്ടായിട്ട് പോലും നമ്മുടെ നാട്ടില്‍ നിന്നും കറിവേപ്പും ആര്യവേപ്പും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു.
സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും കറിവേപ്പ്, ആര്യവേപ്പ് തൈകള്‍ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഒന്നാംഘട്ടമായി ഈ വര്‍ഷം രണ്ട് ലക്ഷം തൈകള്‍ വിതരണം ചെയ്യും. 2 വര്‍ഷം കൊണ്ട് സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും തൈകളെത്തിക്കും. വിജെടി ഹാളില്‍ നടന്ന പരിപാടിയില്‍ മന്ത്രി കെ.കെ. ശൈലജ, വി.എസ്. ശിവകുമാര്‍ എംഎല്‍എ, ഔഷധസസ്യബോര്‍ഡ് സിഇഒ കെ.രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
















