കോട്ടയം : വിദ്യാഭ്യാസ വായ്‌പ തിരിച്ചടവ് മുടങ്ങി ജപ്തി ഭീഷണി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കും കുടുംബങ്ങള്‍ക്കുമായി ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുളള ആശ്വാസ് പദ്ധതിക്ക് ആവശ്യമെങ്കില്‍ കൂടുതല്‍ തുക അനുവദിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. വിദ്യാര്‍ത്ഥികളേയും അവരുടെ കുടുംബങ്ങളേയും സഹായിക്കുന്നതിന് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച സഹായ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നുഅദ്ദേഹം. പ്രാഥമിക കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഈ പദ്ധതിക്കായി സര്‍ക്കാര്‍ 900 കോടി രൂപ മാറ്റിവെച്ചത്.
വിശദമായ കണക്കെടുപ്പിന് ശേഷം അര്‍ഹരായ എല്ലാ വിദ്യാര്‍ത്ഥികളെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഇതിനായി കൂടുതല്‍ തുക വകകൊള്ളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ വായ്‌പാ ആശ്വാസത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുളള ഈ പദ്ധതി പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടു വേണം ബാങ്കുകള്‍ വായ്‌പ തിരിച്ചടവിന്‍മേലുളള തുടര്‍നടപടികളുമായി മുന്നോട്ട് പോകേണ്ടത്.പദ്ധതി പ്രകാരം കടാശ്വാസം അനുവദിച്ചു കൊണ്ടുളള ഉത്തരവ് ചടങ്ങില്‍ മന്ത്രി കൈമാറി.
ചടങ്ങില്‍ എം.എല്‍.എമാരായ പി. സി. ജോര്‍ജ്ജ്, ഡോ.എന്‍. ജയരാജ്, സി. കെ ആശ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി,കളക്ടര്‍ സി.എ ലത വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സുധ തുടങ്ങിയവര്‍ പങ്കെടുത്തു.
















