ന്യൂദല്‍ഹി: ലക്ഷ്‌കര്‍ ബന്ധമുള്ള ഭീകര സംഘടനയായ ബേസ് മൂവ്‌മെന്റ് കൊല്ലം കോടതി വളപ്പില്‍ നടത്തിയ സ്‌ഫോടനം ഭീകരവാദിയായ ഇസ്രത് ജഹാനെ വധിച്ചതിലുള്ള പ്രതികാരമെന്ന് ദേശീയ അന്വേഷണ ഏജന്‍സി.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ കൊല്ലമുള്‍പ്പെടെ ദക്ഷിണേന്ത്യയിലെ അഞ്ച് കോടതി പരിസരങ്ങളില്‍ ബേസ് മൂവ്‌മെന്റ് സ്‌ഫോടനം നടത്തിയതായി എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദിയെ വധിക്കാനെത്തിയ ലക്ഷ്‌കര്‍ ഭീകര സംഘത്തിലുണ്ടായിരുന്ന ഇസ്രത് ജഹാനെ 2004 ജൂണില്‍ പോലീസ് ഏറ്റമുട്ടലില്‍ കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ജൂണ്‍ 15നാണ് കൊല്ലത്ത് സ്‌ഫോടനം നടന്നത്.
മലപ്പുറം, മൈസൂര്‍, നെല്ലോര്‍, ചിറ്റൂര്‍ എന്നിവിടങ്ങളിലെ കോടതി വളപ്പിലായിരുന്നു മറ്റ് സ്‌ഫോടനങ്ങള്‍. കശ്മീര്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ സൈന്യം വെടിവെച്ചു കൊലപ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ അക്രമം അടിച്ചമര്‍ത്തിയതിലുള്ള പ്രതികാരമായാണ് 2016 സെപ്തംബര്‍ 12ന് ആന്ധ്രപ്രദേശിലെ നെല്ലോര്‍ കോടതിയില്‍ സ്‌ഫോടനം നടത്തിയത്. കഴിഞ്ഞ ആഗസ്തില്‍ മൈസൂരിലെ കോടതിയിലുണ്ടായ സ്‌ഫോടനം 1993ലെ മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയതിനും മധ്യപ്രദേശില്‍ എട്ട് സിമി തടവുകാരെ വെടിവെച്ച് കൊന്നതിനും പ്രതികാരമായാണെന്നും കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു.
നൈനാര്‍ അബ്ബാസ് അലി, ദാവൂദ് സുലൈമാന്‍, കരീം രാജ എന്നിവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റമുള്‍പ്പെടെ ചുമത്തിയാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്. ഷംസുദ്ദീന്‍, മുഹമ്മദ് അയൂബ് എന്നീ ഭീകരര്‍ക്കെതിരെ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. 2015 ജനവരിയില്‍ മധുരയിലാണ് അബ്ബാസും സുലൈമാനും സംഘടന രൂപീകരിച്ചത്. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മാധ്യമങ്ങള്‍ക്കും ഇവര്‍ ഭീഷണിക്കത്തുകള്‍ അയച്ചിരുന്നു. പാരീസിലെ ചാര്‍ളി ഹെബ്ദോ മാസികക്ക് നേരെയുണ്ടായ തരത്തിലുള്ള ചാവേര്‍ ആക്രമണം നടത്തുമെന്ന് തമിഴ് ദിനപത്രം ദിനമലരിന് ഭീഷണി ലഭിച്ചിരുന്നു.
















