കണ്ണൂര്‍: കണ്ണൂരില്‍ യൂത്തുകോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പരസ്യമായി പശുവിന്റെ കഴുത്തറുത്തത് ഡിസിസിയുടെ മൗനാനുവാദത്തോടെ. ഡിസിസി ഭാരവാഹികളെ മുന്‍കൂട്ടി അറിയിച്ചതിന് ശേഷമാണ് പരിപാടി നിശ്ചയിച്ചത്. പരിപാടി നടത്തും മുമ്പ് സ്ഥലവും സമയവും നിശ്ചയിച്ച് എല്ലാവരെയും അറിയിച്ചിരുന്നു. അറക്കാനുള്ള പശുക്കുട്ടിയെ നേരത്തെ തന്നെ വിലകൊടുത്ത് വാങ്ങുകയും ചെയ്തു. വാഹനവും സംഘടിപ്പിച്ചു.
സംഭവം വിവാദമായതോടെ കോണ്‍ഗ്രസ്സ് നേതൃത്വം നിലപാട് മാറ്റി. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന ബീഫ് ഫെസ്റ്റിനെ മറികടക്കാനാണ് പശുക്കുട്ടിയെ പരസ്യമായി കഴുത്തറുത്തത്. പശുവിനെ പരസ്യമായി കൊന്നാല്‍ ചില വിഭാഗങ്ങളുടെ പിന്തുണ തങ്ങള്‍ക്ക് ലഭിക്കുമെന്നായിരുന്നു കണക്കുകൂട്ടലും.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ദയനീയമായി പരാജയപ്പെട്ടത് ന്യൂനപക്ഷ വോട്ടര്‍മാര്‍ പാര്‍ട്ടിയെ കൈവിട്ടതുകൊണ്ടാണെന്നാണ് യുഡിഎഫിന്റെ വിലയിരുത്തല്‍. ഡിസിസി പ്രസിഡണ്ട് സതീശന്‍ പാച്ചേനിയായിരുന്നു സ്ഥാനാര്‍ത്ഥി. ന്യൂനപക്ഷത്തിന്റെ വിശ്വാസംനേടിയെടുക്കാമെന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ പശുവിനെ കൊന്നത് വിവാദമാവുകയും ദേശീയ ശ്രദ്ധപിടിച്ച് പറ്റുകയും ചെയ്തതോടെ ജില്ലയിലെ കോണ്‍ഗ്രസ്സ് നേതൃത്വം മൗനം പാലിച്ചു, ഗത്യന്തരമില്ലാതെ തള്ളിപ്പറഞ്ഞു.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ യൂത്ത് കോണ്‍ഗ്രസ്സിന്റെ കിരാത നടപടിയെ അപലപിച്ചതിന് ശേഷമാണ് കോണ്‍ഗ്രസ്സ് നേതൃത്വം റിജില്‍ മാക്കുറ്റിയുള്‍പ്പടെയുള്ളവര്‍ക്കെതിരെ നടപടിയുമായി മുന്നോട്ട് പോയത്. എന്നാല്‍ കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസ്സിന്റെ പ്രമുഖ നേതാവ് സംഭവത്തില്‍ നിശ്ശബ്ദത പാലിക്കുകയാണ്.
















