കോഴിക്കോട്: മൂന്നാറില്‍ നടക്കുന്നത് കുരിശിന്റെയും റിസോര്‍ട്ടിന്റെയും കൃഷിയാണെന്ന് ജെആര്‍എസ് സംസ്ഥാന അദ്ധ്യക്ഷ സി.കെ. ജാനു. കേരള സാംബവര്‍ സൊസൈറ്റി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന വനിതാ-യുവജന-വിദ്യാര്‍ത്ഥി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
ദളിതര്‍ക്കും ആദിവാസികള്‍ക്കും വിതരണം ചെയ്യാന്‍ സംസ്ഥാനത്ത് സ്ഥലമില്ലെന്ന് യുഡിഎഫും എല്‍ഡിഎഫും പറയുമ്പോള്‍ മൂന്നാറില്‍ വന്‍കിടക്കാര്‍ ഏക്കറുകണക്കിന് ഭൂമി കയ്യേറുന്നു. ഇത്തരം കയ്യേറ്റക്കാരെ സഹായിക്കുന്ന നിലപാടാണ് ഇവര്‍ ചെയ്യുന്നത്. സാധാരണക്കാരുടെമേല്‍ കയ്യേറ്റത്തിന്റെ പേരില്‍ നടപടിയെടുത്ത് പുകമറ സൃഷ്ടിച്ച് വന്‍കിടക്കാരെ സഹായിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. ശവസംസ്‌കാരം നടത്താന്‍ സ്ഥലമില്ലാതെ ദളിതന്‍ വിഷമിക്കുമ്പോഴാണ് ഇത്തരം കയ്യേറ്റങ്ങള്‍ നടക്കുന്നത്.
മനുഷ്യാവകാശ ലംഘനമാണ് കേരളത്തില്‍ നടക്കുന്നത്. അറുപത് വര്‍ഷമായി കൂടെ നിന്നിട്ടും സംസ്ഥാനം ഭരിച്ചവര്‍ ദളിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ല. പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ സിപിഎമ്മിന്റെ ജാഥയ്‌ക്ക് ആളെകിട്ടില്ലെന്ന് അവര്‍ക്കറിയാം. അതുകൊണ്ടാണ് അവര്‍ അതിന് താല്‍പര്യം കാണിക്കാത്തത്. സിപിഎമ്മിനെ നിലനിര്‍ത്തുന്നത് ക്വട്ടേഷന്‍ സംഘങ്ങളാണ്. ജാനു പറഞ്ഞു.
കേരള സാംബവര്‍ സൊസൈറ്റി പ്രസിഡന്റ് പി.എം. സുബ്രഹ്മണ്യന്‍ അദ്ധ്യക്ഷത വഹിച്ചു. കെഎസ്എസ്‌വിഎസ് പ്രസിഡന്റ് ഭാനുമതി ജയപ്രകാശ്, കെഎസ്എസ്‌വൈഎഫ് ജനറല്‍ സെക്രട്ടറി ഷൈജി പി., കെ.ഐ. ഹേമലത തുടങ്ങിയവര്‍ സംസാരിച്ചു.
















