തിരുവനന്തപുരം: ആദിവാസി ഗോത്രമഹാസഭ രാജ്ഭവനുമുന്നില്‍ നടത്തിയ രണ്ടു ദിവസത്തെ നില്പ്പ് സമരം അവസാനിപ്പിച്ചതായി കോ ഓര്‍ഡിനേറ്റര്‍ എം.ഗീതാനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഗവര്‍ണറുടെ ഇടപെടല്‍ കാരണമാണ് സമരം അവസാനിപ്പിച്ചത്.
സമരം ആരംഭിക്കുന്നതിനുമുന്‍പുതന്നെ ഗോത്രമഹാസഭാ പ്രതിനിധികളുമായി ഗവര്‍ണര്‍ ചര്‍ച്ചയ്‌ക്കു തയ്യാറായി. ഒരു ദശകത്തിലധികമായി ആദിവാസികള്‍ ഉന്നയിച്ചിരുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പ്രത്യേക പരിശോധന നടത്താന്‍ ഗവര്‍ണര്‍ മുതിരുന്നത് ആദ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഗവര്‍ണറുമായുള്ള ചര്‍ച്ചയില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. അമിതാബച്ചനും ചര്‍ച്ചയില്‍ പങ്കെടുത്തു.
കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലയിലെ കളക്ടറേറ്റ് പടിക്കല്‍ ഒന്നരമാസമായി ആദിവാസികള്‍ നില്‍പ്പു സമരത്തിലാണ്. എന്നാല്‍ ജില്ലാ കളക്ടറോ പട്ടികവര്‍ഗ വകുപ്പോ സമരക്കാരെ ചര്‍ച്ചയ്‌ക്ക് വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആദിവാസി ഗോത്രമഹാസഭ സെക്രട്ടറി പി.ജി.ജനാര്‍ദനന്‍, ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ കുഞ്ഞമ്മ മൈക്കിള്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
















