തിരുവനന്തപുരം: അധികം വെെകാതെ കേരളത്തിലും ഗോവധ നിരോധനം യാഥാർത്ഥ്യമാകുമെന്നും പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന രാജസ്ഥാൻ ഹെെക്കോടതി പറഞ്ഞതാണ് ഇവിടേയും ചെയ്യേണ്ടതെന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ.
സഹകരണബാങ്ക് സമരം പോലെ ഈ സമരവും പൊളിയുമെന്നും ഒരു നിയമ നിർമാണവും ഇവിടെ ഉണ്ടാകാൻ പോകുന്നില്ലെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചു. കശാപ്പ് നിരോധനവുമായി ബന്ധപ്പെട്ട് ഇവിടെ നടക്കുന്ന സമരങ്ങൾക്ക് ന്യായമില്ലെന്നും രാഷ്‌ട്രീയ പ്രേരിതമായ കുപ്രാചരണം മാത്രമാണ് ഇവിടെ നടക്കുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
വിജ്ഞാപനം വായിച്ച് നോക്കാതെ സമരത്തിനിറങ്ങുന്നവരെന്ന് പറഞ്ഞാൽ അതിന്റെ പച്ചമലയാളം പിണറായി, ചാണ്ടി, ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവരൊക്കെ തന്നെയാണെന്നും മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ ഉടനെ റദ്ദാക്കപ്പെടുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
















