അഡ്വ.ജോര്‍ജ് കുര്യന്‍ ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ അംഗമായി ചുമതലയേല്‍ക്കുന്നു
ന്യൂദല്‍ഹി: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയത് മൃഗബലിയാണെന്ന് ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ അംഗം അഡ്വ. ജോര്‍ജ് കുര്യന്‍. ഒരു ആദര്‍ശത്തിന്റെ പേരിലോ വിശ്വാസത്തിന്റെ പേരിലോ ആശയത്തിന്റെ പേരിലോ നടത്തുന്ന ഇത്തരം ആചാരങ്ങള്‍ മൃഗബലിയായി തന്നെയാണ് പരിഗണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കമ്മിഷന്‍ അംഗമായി ചുമതലയേറ്റ ശേഷം ജന്മഭൂമിയോട് സംസാരിക്കുകയായിരുന്നു ജോര്‍ജ് കുര്യന്‍. കന്നുകാലി വ്യാപാരം സംബന്ധിച്ച്, കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഉത്തരവിന്റെ പേരില്‍ കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന വിവാദം അടിസ്ഥാന രഹിതമാണ്. മൃഗങ്ങളെ സംരക്ഷിക്കുക, മൃഗങ്ങളോടുള്ള ക്രൂരത തടയുക എന്ന ലക്ഷ്യത്തില്‍ കേന്ദ്ര സര്‍ക്കര്‍ കൊണ്ടുവന്ന നിര്‍ദേശം സുപ്രീംകോടതിയുടെ ഉത്തരവിന്റെ നടപ്പാക്കലാണ്. ഇത് ഏതെങ്കിലും മത ന്യൂനപക്ഷത്തെ മാത്രം ബാധിക്കുന്ന കാര്യമല്ല – ജോര്‍ജ് കുര്യന്‍ പറഞ്ഞു.
മൃഗസ്നേഹവും മംസാഹാരശീലവും ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിക്കില്ല. പ്രതികരിക്കാനാവാത്തതിനാലാണ് മൃഗങ്ങള്‍ പ്രശ്നമുണ്ടാക്കാത്തത്. മാംസഭുക്കുകള്‍ക്ക് മാംസം ആവശ്യത്തിന് ലഭിക്കാതെ വരും എന്നതാണ് അടിസ്ഥാന പ്രശ്നമെങ്കില്‍ അത് മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നടപടികള്‍ സ്വീകരിക്കാവുന്നതാണ്. ഏഴാം ഷെഡ്യൂളിന്റെ പതിനഞ്ചാം ഉപവകുപ്പ് പ്രകാരം സംസ്ഥാന സര്‍ക്കാരിന് നിയമനിര്‍മാണം പോലും നടത്താം. അത് പക്ഷേ, സുപ്രീംകോടതി വിധിയെ മറികടക്കാനോ കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനത്തെ ചോദ്യം ചെയ്യാനോ ആകരുതെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.
















