പെരിന്തല്‍മണ്ണ: മങ്കട ഗവ.ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കണമെന്ന് ആശുപത്രി മാനേജ്മെന്റ് കമ്മറ്റി ആവശ്യപ്പെട്ടു.
വൈകുന്നേരം രോഗികളെ പരിശോധിക്കുന്നതിന് സൗകര്യം ഏര്‍പ്പെടുത്തണം. ഓരോ വര്‍ഷവും നിരവധി പകര്‍ച്ച വ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഹെല്‍ത്ത് ബ്ലോക്കാണ് മങ്കട. കഴിഞ്ഞ ഒരു മാസത്തിലേറെക്കാലമായി അങ്ങാടിപ്പുറത്തും വലമ്പൂരിലും നൂറുകണക്കിന് ആളുകള്‍ക്ക് മഞ്ഞപ്പിത്തം പടര്‍ന്ന് പിടിക്കുകയും, ഒരാള്‍ മരിക്കാനിടയാവുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം അങ്ങാടിപ്പുറം ഏറാംതോടില് അന്യസംസ്ഥാന തൊഴിലാളിയുടെ മകന് ഡിഫ്തീരിയ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ജൂണ്‍ മാസത്തില്‍ കാലവര്‍ഷം ആരംഭിക്കുന്നതോടെ രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകും.
നിലവില്‍ അഞ്ഞൂറില്പരം പേരാണ് ദിവസേന ചികിത്സ തേടി ഇവിടെയെത്തുന്നത്. അത് കൊണ്ട് തന്നെ ഉച്ചക്ക് ശേഷവും രാത്രി ഒന്‍പത് മണി വരെ പ്രവര്‍ത്തിപ്പിക്കുന്ന തരത്തില്‍ വൈകുന്നേരം ഒപി സൗകര്യം ഏര്‍പ്പെടുത്തണമെന്ന് എച്ച്എംസി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: