ന്യൂദൽഹി: രാജ്യത്ത് നായകളെയും പൂച്ചകളെയും വളർത്തുന്നതിനും വിൽക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി. എട്ട് ആഴ്ചയിൽ താഴെ പ്രായമുള്ള നായ്കുട്ടികളെയും പൂച്ചക്കുഞ്ഞുങ്ങളെയും വിൽക്കുന്നതു നിരോധിച്ചു. അലങ്കാര മത്സ്യങ്ങളെയും വളർത്തുമൃഗങ്ങളെയും വിൽക്കുന്ന കടകളിലുൾപ്പെടെ പൊതുസ്ഥലങ്ങളിൽ വിൽപനയ്ക്കായി ഇവയെ പ്രദർശിപ്പിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി.
പട്ടികളെയും പൂച്ചകളെയും വാങ്ങുന്നതും വിൽക്കുന്നതും രാജ്യത്തു വലിയൊരു വ്യവസായമായി വളർന്നിട്ടുള്ള സാഹചര്യത്തിലാണു കർശന നിബന്ധനകളുമായി സർക്കാർ രംഗത്തെത്തിയത്. വളർത്തു മൃഗങ്ങളെ പ്രജനനം നടത്തി വിൽക്കുന്നവർ സംസ്ഥാന മൃഗക്ഷേമ ബോർഡിൽ രജിസ്റ്റർ ചെയ്തു സർട്ടിഫിക്കറ്റ് നേടിയിരിക്കണമെന്നും ഉത്തരവിലുണ്ട്. ഇതു കടകൾക്കു പുറത്തു പ്രദർശിപ്പിക്കണം. മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമം 1960 അനുസരിച്ചാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം പുതിയ ഉത്തരവു പുറപ്പെടുവിച്ചിരിക്കുന്നത്.
വാങ്ങുകയും വിൽക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന മൃഗങ്ങളുടെ വിശദാംശങ്ങള്‍ കടകളിൽ സൂക്ഷിക്കണം. മൃഗങ്ങളെ എവിടെനിന്ന്, എപ്പോൾ ലഭിച്ചു; ആർക്ക്, എപ്പോൾ വിറ്റു തുടങ്ങിയ വിശദാംശങ്ങളും സൂക്ഷിക്കണം. മൃഗങ്ങളുടെ ആരോഗ്യവും ജീവിതനിലവാരവും സംബന്ധിച്ച വാര്‍ഷിക റിപ്പോര്‍ട്ടും നല്‍കണം. പ്രായപൂർത്തിയാകാത്തവരും മാനസിക ദൗർബല്യമുള്ളവരും മൃഗപരിപാലകരായി രജിസ്റ്റർ ചെയ്യുന്നതും നിയമം മൂലം നിരോധിച്ചിട്ടുണ്ട്.
വളര്‍ത്തു മൃഗങ്ങളുടെ വ്യാപനവും അതുമായി ബന്ധപ്പെട്ട ക്രൂരതകളുമായി ബന്ധപ്പെട്ട് പ്രതിവര്‍ഷം നാലായിരത്തോളം കേസുകളാണ് മുംബൈയില്‍ മാത്രമായി രജിസ്റ്റര്‍ ചെയ്യുന്നത്. എന്നാല്‍ ഈ കേസുകളില്‍ അന്വേഷണമോ ശിക്ഷയോ നല്‍കുന്നില്ല.
















