കോട്ടയം പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തില്‍ നടന്‍ ജയറാം പാണ്ടിമേളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു
കോട്ടയം: മേളപ്രേമികളെ ആനന്ദലഹരിയിലാറാടിച്ച് പനച്ചിക്കാട്ടമ്മയുടെ തിരുമുറ്റത്ത് നടന്‍ ജയറാമിന് പാണ്ടിമേളത്തില്‍ അരങ്ങേറ്റം .ഗുരുവും മേളകുലപതിയുമായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍ക്കൊപ്പം രണ്ടുമണിക്കൂറാണ് രൗദ്രതാളം തീര്‍ത്തത്. നൂറില്‍പരം മേളക്കാരുടെ അകമ്പടിയില്‍ മട്ടന്നൂരും ജയറാമും പാണ്ടിമേളത്തിന്റെ കാലപ്പെരുക്കങ്ങള്‍ കൊട്ടിക്കയറിയപ്പോള്‍ മേളപ്രേമികളുടെ മനം നിറഞ്ഞു.
വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ പത്ത് മണിവരെയാണ് പനച്ചിക്കാട് ദക്ഷിണമൂകാംബിക ക്ഷേത്രത്തില്‍ ജയറാം പാണ്ടിമേളത്തില്‍ വിസ്മയമൊരുക്കിയത്. തിരുമുറ്റത്ത് ഇരമ്പിയാര്‍ത്തെത്തിയ മേള പ്രേമികള്‍ക്ക് മുന്നിലേക്ക് ഗുരുവിന്റെ അനുഗ്രഹത്തോടെ ജയറാം അസുരവാദ്യവുമായി എത്തിയതോടെ ജനം ഇളകിമറിഞ്ഞു. പഞ്ചാരിയില്‍ പ്രാഗല്‍ഭ്യം തെളിയിച്ച ജയറാമിന്റെ പാണ്ടിയിലെ മികവ് കാണാന്‍ ക്ഷേത്രത്തിലേക്ക് ആസ്വാദകര്‍ ഒഴുകിയെത്തി.
രൗദ്രതാളം മുറുകുകയും അയയുകയും ചെയ്യുന്നതിന് അനുസരിച്ച് ആവേശം അണപൊട്ടിയൊഴുകി. മൊബൈല്‍ ഫോണില്‍ മേളത്തിന്റെ ആവേശം പകര്‍ത്താന്‍ ജനം മത്സരിച്ചു.പനച്ചിക്കാടിനെ കോരിത്തരിപ്പിച്ച് മേളക്കണക്കുകള്‍ ഒരോന്നായി പിന്നിട്ടപ്പോള്‍ ആസ്വാദകരുടെ കൈകള്‍ മുകളിലേക്ക് വാനില്‍ ഉയര്‍ന്നു.കാലങ്ങള്‍ മാറിയതോടെ മേളം അതിന്റെ ഉന്നതിയിലേക്ക് കൊട്ടിക്കയറി. ഇതിനിടെയില്‍ ജയറാമിന്റെ കഴുത്തില്‍ തുളസിമാലയും അണിയിച്ചു.
രണ്ട് മണിക്കൂര്‍ നേരത്തെ താളവിസ്മയത്തിന് തിരശീല വീണപ്പോള്‍ തനിക്ക് ലഭിച്ച മാല ഗുരുനാഥനെ അണിയിച്ച് ജയറാം അനുഗ്രഹം ഏറ്റുവാങ്ങി. പാണ്ടിമേളത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ കുടുംബ സമേതമാണ് ജയറാം ക്ഷേത്രത്തില്‍ എത്തിയത്. ജയറാമി്‌നും മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍ക്കുമുളള ഉപഹാരങ്ങള്‍ പനച്ചിക്കാട് ദക്ഷിണമൂകാംബിക ക്ഷേത്രം ദേവസ്വം മാനേജര്‍ കെ.എന്‍.നാരാണന്‍ നമ്പൂതിരി സമ്മാനിച്ചു.
















