ആലപ്പുഴ: അഞ്ച് കിലോ കഞ്ചാവും മാരകായുധങ്ങളുമായി നാലുപേരെ എക്‌സൈസ് പിടികൂടി. കൊലപാതകം, കൊലപാതകശ്രമം ഉള്‍പ്പെടെ നിരവധി ക്രിമനല്‍ കേസുകളില്‍ പ്രതികളാണിവര്‍. അമ്പലപ്പുഴ പുന്നപ്ര ചെന്നക്കല്‍ വീട്ടില്‍ മിഥുന്‍ (മിഥുന്‍കുട്ടന്‍ 24), പൊള്ളയില്‍ വീട്ടില്‍ മിഥുന്‍ രാജ് (പായസം വിഷ്ണു 24), വടക്കെ കൈതത്തില്‍ വീട്ടില്‍ നൃപന്‍ (പൂശാന്‍ ഉണ്ണി 26), പറവൂര്‍ തറയില്‍ വീട്ടില്‍ അരുണ്‍കുമാര്‍ എസ് (കരുമാടി 24) എന്നിവരാണ് എക്‌സൈസ് പിടിയിലായത്. ജില്ലയിലെ കഞ്ചാവിന്റെ മൊത്തവിതരണക്കാരായി പ്രവര്‍ത്തിക്കുന്ന ഇവര്‍ അന്ധ്രാപ്രദേശിലെ നെല്ലൂരില്‍ നിന്നും കഞ്ചാവ് എത്തിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ റെയിഡിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.
ആലപ്പുഴ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കെ.ആര്‍. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. മിഥുന്‍കുട്ടന്‍ ഇതിനു മുമ്പ് ആമ്പ്യൂള്‍ കേസില്‍ പിടിയിലായി ഏഴുമാസത്തോളം ജയില്‍ കിടന്നിട്ടുണ്ട്. നൃപന്‍ ആപ്യൂള്‍ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്നു. അരുണ്‍ കൊലപാതകകേസിലും, മിഥുന്‍രാജ് കൊലപാതശ്രമത്തിനു ജയിലില്‍ കിടന്നിട്ടുണ്ട്.
ഇവരില്‍ നിന്നും ഒരു ബൈക്കും, മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. സ്ത്രീകളെ ശല്യം ചെയ്തതിനു പുന്നപ്ര പോലീസിലും കേസുണ്ട്. റെയിഡില്‍ എന്‍. ബാബു, കിഷോര്‍കുമാര്‍ എം. റെനി, എം.കെ. സജിമോന്‍, വി. അരുണ്‍, അനില്‍ ലാല്‍, അനില്‍കുമാര്‍ എന്നിവരും പങ്കെടുത്തു. പ്രതികളെ ജില്ലാകോടതിയില്‍ ഹാജാരക്കി റിമാന്‍ഡു ചെയ്തു.
















