എല്‍ഐസി ഓഫീസില്‍ നിന്ന് തീ പടരുന്നത് കണ്ട് തടിച്ചുകൂടിയ നാട്ടുകാര്‍
അടിമാലി: പിരിച്ച് വിട്ടതില്‍ മനംനൊന്ത താല്ക്കാലിക ജീവനക്കാരന്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. അടിമാലി എല്‍ഐസി ഓഫീസില്‍ ഇന്നലെ രാവിലെയാണ് സംഭവം. മൂന്ന് പേര്‍ക്ക് പൊളളലേറ്റു. ഒരാളുടെ നില അതീവ ഗുരുതരം.
അടിമാലി ചാറ്റുപാറ വടക്കേക്കര ശിവന്‍ (കുട്ടന്‍-54) അണ് അസിസ്റ്റന്റ് മാനേജരുടെ ക്യാബിന് മുന്നില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അസി. മാനേജര്‍ ജോസഫ്, ഡവലപ്‌മെന്റ് ഓഫീസര്‍ ശിവകുമാര്‍ എന്നിവര്‍ക്കാണ് പൊളളലേറ്റത്. ശിവനെ കോട്ടയം മെഡിക്കല്‍ കോളേജിലും ജോസഫിനെയും ശിവകുമാറിനെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അടിമാലി എല്‍ഐസി ഓഫീസിനോട് ചേര്‍ന്നുള്ള ഗസ്റ്റ് ഹൗസിലടക്കം ശിവന്‍ ക്ലീനിംഗ് ഉള്‍പ്പെടെ ജോലികള്‍ 20 വര്‍ഷമായി ചെയ്ത് വരികയായിരുന്നു. കഴിഞ്ഞ ദിവസം ഗസ്റ്റുകള്‍ വന്നപ്പോള്‍ ശിവന്‍ മദ്യപിച്ച് മോശമായി പെരുമാറിയെന്ന് കാട്ടി ഇവര്‍ പരാതി നല്‍കി. തുടര്‍ന്ന് ഇയാളെ പിരിച്ച് വിടുകയായിരുന്നു. പിരിച്ചുവിട്ടകാര്യം സംസാരിക്കാനായി ഇന്നലെ ഇവിടെ എത്തിയതായിരുന്നു ഇയാള്‍.
മാനേജരുടെ നിര്‍ദ്ദേശ പ്രകാരം എത്തിയ ശിവന്‍ മാനേജര്‍ ലീവാണെന്ന് അറിഞ്ഞ ശേഷം പുറത്ത് പോയി പെട്രോളുമായെത്തി അസി. മാനേജരോട് തന്നെ ജോലിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് വരാന്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങാതെ പെട്രോള്‍ ദേഹത്തും ഓഫീസിലും ഒഴിക്കുകയും തീ കൊളുത്തുകയായിരുന്നു. ഈ സമയം ജീവനക്കാരും ഏജന്റുമാരും ഇടപാടുകാരും ഉള്‍പ്പെടെ 150 ഒാളം പേര്‍ ഓഫീസിലുണ്ടായിരുന്നു. ഇവരെ പോലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് ഓഫീസിന് പുറത്തെത്തിച്ചത്. തീ കൊളുത്തിയ ശിവനെ സാഹസികമായി അസി. മാനേജരും ഡെവലപ്‌മെന്റ് ഓഫീസറും ചേര്‍ന്ന് പുറത്തെത്തിച്ചു. ഇതിനിടെയാണ് ഇരുവര്‍ക്കും പൊളളലേറ്റത്.
മാര്‍ച്ച് 31 ആയതിനാല്‍ ബ്രാഞ്ചില്‍ ക്ലോസിംഗ് ഇടപാടുകള്‍ നടക്കുകയായിരുന്നു. ഇതിന്റെ രേഖകള്‍ പൂര്‍ണ്ണമായി കത്തി നശിച്ചു. 20 ലേറെ കമ്പ്യൂട്ടറുകളും ഫര്‍ണ്ണിച്ചുകളും കത്തി നശിച്ചു. അടിമാലി പോലീസ് സംഭവത്തില്‍ കേസ് എടുത്തു. ശിവന് 80 ശതമാനത്തോളം പൊള്ളലേറ്റതായി പോലീസ് പറഞ്ഞു.
















