തിരുവനന്തപുരം: കൂട്ടിലടച്ച തത്തയാവില്ലെന്ന ജേക്കബ് തോമസിന്റെ വാക്കുകള്‍ അറംപറ്റി. വിജിലന്‍സ് ഡയറക്ടറെന്ന നിലയില്‍ ഏറ്റെടുത്ത ജോലികള്‍ പാതിവഴിയിലാക്കി ജേക്കബ് തോമസിനെ പറപ്പിച്ചു. അവധിയില്‍ പോകാനാണ് നിര്‍ദ്ദേശിച്ചതെങ്കിലും ഇനി കൂട്ടിലേക്ക് മടക്കമില്ല. വിജിലന്‍സ് ഡയറക്ടറുടെ ചുമതല ഡിജിപി ലോക്‌നാഥ് ബഹ്‌റക്കാണ് സര്‍ക്കാര്‍ കൈമാറിയത്. 1985 ബാച്ച് ഐപിഎസ് ഓഫീസറായ ജേക്കബ് തോമസ് എന്നും വിവാദപുരുഷനായിരുന്നു. ഒരുചുമതലയിലും കാലാവധി പൂര്‍ത്തിയാക്കുംവരെ ഇരിക്കാന്‍ കഴിയാത്ത ജേക്കബ് തോമസിന് ഹ്രസ്വകാലമേ കാക്കിയണിയാന്‍ അവസരം ലഭിച്ചുള്ളൂ കൊച്ചി സിറ്റി പോലീസ് കമ്മിഷണറായിരിക്കെ.
യുഡിഎഫ് കാലത്ത് വിജലന്‍സിന്റെ ചുമതലയേറ്റ ജേക്കബ് തോമസിന് എല്‍ഡിഎഫ് കാലത്തും തുടരാനായത് ബാര്‍കോഴക്കേസിലെ ദൃഢമായ നിലപാടുകൊണ്ടായിരുന്നു. ധനമന്ത്രി കെ.എം.മാണിയുടെയും കെ.ബാബുവിന്റെയും രാജിയിലാണ് ബാര്‍ കോഴ കലാശിച്ചത്. എല്‍ഡിഎഫിന്റെ കരുത്തനായ വ്യവസായമന്ത്രി ഇ.പി.ജയരാജന്റെ രാജിക്കും കാരണം ജേക്കബ് തോമസിന്റെ നിലപാടുതന്നെ. ജേക്കബ് തോമസ് യുഡിഎഫിന്റെ മാത്രമല്ല എല്‍ഡിഎഫിന്റെയും കണ്ണില്‍ കരടായി. എന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ ജേക്കബ് തോമസിനെ ശക്തമായി ന്യായീകരിച്ചു. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പോലും പരസ്യമായി തള്ളി.
ജേക്കബ് തോമസിന്റെ ശത്രുക്കള്‍ ദുര്‍ബലരല്ല. മന്ത്രിമാര്‍, രാഷ്‌ട്രീയ നേതാക്കള്‍ ഉദ്യോഗസ്ഥ പ്രഗത്ഭര്‍, ഐഎഎസുകാരുമായുള്ള തര്‍ക്കം ഭരണ സ്തംഭനം സൃഷ്ടിച്ചു. അപ്പോഴും ജേക്കബ് തോമസിനെ ന്യായീകരിക്കാന്‍ തയ്യാറായ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒടുവില്‍ കൈവിട്ടു.
വിജിലന്‍സ് ഡയറക്ടറെ മാറ്റാത്തതെന്തെന്ന് ഹൈക്കോടതിയില്‍ ജസ്റ്റിസ് പി. ഉബൈദ് അടുത്തിടെ ചോദിച്ചിരുന്നു. ജസ്റ്റിസ് ഉബൈദിന്റെ ബഞ്ചിനെ അവഗണിക്കാന്‍ സര്‍ക്കാറിനാവില്ല. ലാവ്‌ലിന്‍ കേസ് ഈ കോടതിയിലാണ്. ബന്ധുനിയമനം, ബാര്‍ കോഴ തുടങ്ങിയ കേസുകള്‍ പരിഗണിക്കുന്നതും ഇതേ ബഞ്ച്. ജേക്കബ് തോമസ് തുടരുന്നത് അഭികാമ്യമല്ലെന്ന് സിപിഎമ്മിന് വിലയിരുത്തേണ്ടിയും വന്നു.
സിപിഎമ്മിലേയും മന്ത്രിസഭയിലേയും പ്രതിപക്ഷത്തേയും വലിയൊരു വിഭാഗം വിജിലന്‍സ് കൂട്ടിലടച്ച തത്തയാകുന്നതാണ് നല്ലതെന്ന അഭിപ്രായക്കാരാണ്. അങ്ങനെ ഇടത് വലത് മുന്നണികളിലെ പ്രധാനികള്‍ ജേക്കബ് തോമസിനെതിരെ ഒരുമിച്ചപ്പോഴാണ് നാടകീയ നടപടി.
വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നു തന്നെ മാറ്റണമെന്നു ഡോ.ജേക്കബ് തോമസ് സര്‍ക്കാരിനോടു രേഖാമൂലം നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതിനൊപ്പം വിജിലന്‍സ് ആസ്ഥാനത്തു തനിക്കെതിരെ ഗൂഢാലോചന നടക്കുന്നതായ ആരോപണവുമായി മുന്‍ ഡയറക്ടര്‍ ഡിജിപി എന്‍.ശങ്കര്‍ റെഡ്ഡിയും രംഗത്തുവന്നതോടെ പൊലീസ് തലപ്പത്തു പൊട്ടിത്തെറിയായി. മനഃപൂര്‍വം പീഡിപ്പിക്കുന്നതായി മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരും ഒരുവിഭാഗം ഐപിഎസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയെ കണ്ടു പരാതിപ്പെട്ടതും പിന്നാലെ തനിക്കെതിരായ ധനകാര്യ റിപ്പോര്‍ട്ട് പുറത്തുവന്നതുമാണു സ്ഥാനമൊഴിയാന്‍ നേരത്തെ തീരുമാനിക്കാന്‍ ജേക്കബ് തോമസിനെ പ്രേരിപ്പിച്ചത്. വ്യക്തിപരമായ കാരണത്താല്‍ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്നാണു മുഖ്യമന്ത്രിക്കും ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്‌ക്കും നല്‍കിയ കത്തില്‍ ജേക്കബ് തോമസ് ആവശ്യപ്പെട്ടത്.
സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ നടത്തിയ ആദ്യ ഉന്നത നിയമനങ്ങളില്‍ ഒന്നാണു ജേക്കബ് തോമസിന്റേത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു കെ.എം.മാണിക്കെതിരായ ബാര്‍ കേസ് പുരോഗമിക്കവേ എഡിജിപിയായിരുന്ന ജേക്കബ് തോമസിനെ ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കി വിജിലന്‍സില്‍ നിന്നു മാറ്റിയിരുന്നു. പകരം ശങ്കര്‍ റെഡ്ഡിയെയാണു ഡയറക്ടറാക്കിയത്. തുറമുഖ ഡയറക്ടറായിരിക്കേ ജേക്കബ് തോമസ് ക്രമക്കേടു നടത്തിയെന്നും നടപടി വേണമെന്നുമുള്ള ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതു പ്രതിപക്ഷത്തിനു കിട്ടിയ വടിയായിരുന്നു. നിയമസഭയ്‌ക്കുള്ളില്‍ ഈ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി പ്രതിപക്ഷം ജേക്കബ് തോമസിനെ നിര്‍ത്തിപ്പൊരിച്ചതാണ്. ആ സമയത്താണ് വിജിലന്‍സ് ഡയറക്ടറുടെ കട്ടില്‍കണ്ട് ആരും പനിക്കേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത്.
ചുമതലയേറ്റദിവസം ചുവപ്പും മഞ്ഞയും കാര്‍ഡുകള്‍ കീശയില്‍നിന്ന് എടുത്തുകാട്ടിയ ജേക്കബ് തോമസ്, അഴിമതിക്കാര്‍ക്ക് പുറത്തേക്കുവഴികാട്ടുമെന്നവകാശപ്പെട്ടതാണ്. ഉന്നതര്‍ പ്രതിയായ ടൈറ്റാനിയം, പാമോലിന്‍ കേസുകള്‍, വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി മൈക്രോ ഫിനാന്‍സ് കേസില്‍ എഫ്.ഐ.ആര്‍, ഉന്നതരെ പ്രതിയാക്കി കശുവണ്ടി ഇറക്കുമതിയിലെ അഴിമതിയന്വേഷണം, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അഴിമതിയന്വേഷണം, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണെതിരായ അന്വേഷണം, തുടങ്ങി വില്ലേജ് ഓഫീസുകളിലെ അഴിമതിയന്വേഷണങ്ങള്‍ വരെ നീളുന്നതാണ് വിജിലന്‍സ് ഡയറക്ടര്‍ എന്ന നിലയില്‍ ജേക്കബ് തോമസിന്റെ പ്രവര്‍ത്തനങ്ങള്‍.
ഇപ്പോഴിതാ ജേക്കബ് തോമസിന് മുഖ്യമന്ത്രി ചുവപ്പുകാര്‍ഡ് ഉയര്‍ത്തിയതിനുപിന്നില്‍ കാരണങ്ങള്‍ പലതാണ്. പാര്‍ട്ടിക്കകത്തെ പൊട്ടിത്തെറി തന്നെ പ്രധാനം. ഇടതുസര്‍ക്കാറിന് ഒന്നും ശരിയാക്കാന്‍ കഴിയില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു.
















