തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ജേക്കബ്ബ് തോമസിനെ നീക്കി.അവധിയില്‍ പ്രവേശിക്കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടതെങ്കിലും തന്നെ നീക്കം ചെയ്തതാണെന്ന് ജേക്കബ്ബ് തോമസ് പറഞ്ഞു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്ക് പകരം ചുമതല നല്‍കി.
വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ ഹൈക്കോടതിയില്‍ നിന്ന് അടിക്കടിയുണ്ടാകുന്ന പരാമര്‍ശങ്ങളും സിപിഎമ്മിലെ ഉന്നതര്‍ക്കെതിരെയുള്ള കടുത്ത നടപടികളുമാണ് ജേക്കബ്ബ് തോമസിന്റെ കസേര തെറിക്കാനുള്ള കാരണം. ഇത് സംബന്ധിച്ച് ഇന്നലെ ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു.
അടിക്കടി വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ ഹൈക്കോടതിയില്‍ നിന്ന് പരാമര്‍ശം ഉണ്ടാകുന്നത് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രതിച്ഛായതകര്‍ക്കുകയാണെന്ന് ് യോഗം വിലയിരുത്തി. ജേക്കബ്ബ് തോമസിനെ മാറ്റാത്തതെന്തുകൊണ്ടെന്ന് കഴിഞ്ഞ ദിവസം കോടതി ചോദിച്ചിരുന്നു. ഇത് കൂടിയായപ്പോള്‍ ജേക്കബ്ബ് തോമസിനെതിരെയുള്ളവരുടെ സ്വരം പാര്‍ട്ടി യോഗത്തില്‍ കടുത്തു. ഒടുവില്‍ പല ഘട്ടങ്ങളിലും രക്ഷകനായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനും കൈവിടുകയായിരുന്നു.
മുന്‍ മന്ത്രി ഇ.പി. ജയരാജന്‍ ഒന്നാം പ്രതിയായ ബന്ധുനിയമന കേസ്, ടി.പി. ദാസന്‍ ഉള്‍പ്പെട്ട സ്‌പോര്‍ട്‌സ് ലോട്ടറി കേസ്, ജിഷാ വധക്കേസ് അന്വേഷണ വീഴ്ച ചോദ്യം ചെയ്തുകൊണ്ട് തയ്യാറാക്കിയ റിപ്പോര്‍ട്ടിനെതിരെയുള്ള കോടതി പരാമര്‍ശം തുടങ്ങിയവ ജേക്കബ്ബ് തോമസിനെതിരെ കടുത്ത വിമര്‍ശനത്തിനിടയാക്കി. ശങ്കര്‍റെഡ്ഡിയുടെ സ്ഥാനക്കയറ്റം സംബന്ധിച്ച വിജിലന്‍സ് റിപ്പോര്‍ട്ടും സര്‍ക്കാരിന് തിരിച്ചടിയായിരുന്നു. മുന്‍മന്ത്രി മാണിയുടെ ബാര്‍ക്കോഴ കേസും സര്‍ക്കാരിനെതിരാകാന്‍ സാധ്യതയുണ്ട്.
വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ നിയമസഭയില്‍ ഉള്‍പ്പെടെ പല ഘട്ടങ്ങളിലും ജേക്കബ്ബ് തോമസിനെ മുഖ്യമന്ത്രി ന്യായീകരിച്ചു. ഫണം വിടര്‍ത്തി ആടുന്ന പാമ്പല്ല വിജിലന്‍സെന്നും കൊത്തുമെന്നും ജേക്കബ്ബ് തോമസും പറഞ്ഞിരുന്നു.
തുടരുന്നതില്‍ അര്‍ത്ഥമില്ല
തിരുവനന്തപുരം: സര്‍ക്കാര്‍ ജോലിയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നു വ്യക്തമാക്കി അവധിയില്‍ പ്രവേശിക്കുകയാണെന്ന് ജേക്കബ്ബ് തോമസ്. അവധിയില്‍ പോകുന്നതിന്റെ കാരണം ഉചിതമായ സമയത്തു വെളിപ്പെടുത്തും. ഇനിയുള്ള കാലം മറ്റെന്തെങ്കിലും ചെയ്യാനാണ് ആഗ്രഹം – അദ്ദേഹം അറിയിച്ചു.
















