ന്യൂദല്‍ഹി: ഇന്ദിരാഗാന്ധിയെന്ന ഉരുക്കു വനിതയെ അധികാരത്തില്‍ നിന്നിറക്കിയ സമരവീര്യം കൈവിടാതെ നാലുപതിറ്റാണ്ടുകള്‍ക്കിപ്പുറം അവര്‍ ഇന്ദ്രപ്രസ്ഥത്തില്‍ എത്തി. ന്യൂദല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ അടിയന്തിരാവസ്ഥ സമരനായകര്‍ക്ക് ജയിലിലേക്ക് പോയ അതേ ആവേശം.
ജനാധിപത്യം അട്ടിമറിച്ചവരെ തറപറ്റിച്ചതിന്റെ ആത്മവിശ്വാസം ഏവരിലും പ്രകടം. ഒരിക്കല്‍ തങ്ങളോട് ക്രൂരതകള്‍ കാട്ടിയ ദല്‍ഹിയിലെ ഭരണസിരാകേന്ദ്രങ്ങളെ ജനാധിപത്യ പ്രക്രിയയിലൂടെ സ്വന്തമാക്കാന്‍ സാധിച്ചതിന്റെ സന്തോഷവും ഏവരിലും പ്രകടം.
സ്വതന്ത്ര ഇന്ത്യയിലെ രാഷ്‌ട്രീയ അസഹിഷ്ണുത തുറന്നുകാട്ടിയ അടിയന്തിരാവസ്ഥ തടവുകാരുടെ സംഗമ പരിപാടിയും സെമിനാറും ഏപ്രില്‍ 2ന് ദല്‍ഹിയിലെ കോണ്‍സ്റ്റിട്യൂഷന്‍ ക്ലബില്‍ നടക്കും. അസോസിയേഷന്‍ ഓഫ് ദ എമര്‍ജന്‍സി വിക്ടിംസും നവോദയവും ചേര്‍ന്നാണ് സെമിനാര്‍ നടത്തുന്നത്. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി കേരളത്തില്‍ നിന്നുള്ള 131 പേരാണ് കേരളാ എക്‌സ്പ്രസില്‍ ദല്‍ഹിയിലെത്തിയത്.
86 വയസ്സു പിന്നിട്ടവര്‍ മുതല്‍ അമ്മമാര്‍ക്കൊപ്പം കുട്ടിയായിരിക്കെ ജയിലില്‍ കഴിയേണ്ടിവന്നവര്‍ വരെ ദല്‍ഹിയിലെത്തിയിട്ടുണ്ട്. വൈക്കം ഗോപകുമാറും നിവേദിത സുബ്രഹ്മണ്യനും അടക്കമുള്ള ബിജെപി നേതാക്കളും ആര്‍എസ്എസ്, പരിവാര്‍ സംഘടനകളുടെ ചുമതകള്‍ നിര്‍വഹിക്കുന്നവരും സംഘത്തിലുണ്ട്.
തിരുവനന്തപുരത്തു നിന്നും കൃഷ്ണന്‍കുട്ടിയും കൊല്ലത്തു നിന്നും വി.കെ ശിവദാസും ചെങ്ങന്നൂരില്‍ നിന്ന് പി.ആര്‍ നരേന്ദ്രനും തൊടുപുഴയില്‍ നിന്ന് എം.രവിയുമെല്ലാം എത്തിയിട്ടുണ്ട്. എ.ഗോപിനാഥ്(തൃശൂര്‍), കെ.പി അപ്പുക്കുട്ടി(പാലക്കാട്), വി. അറുമുഖന്‍(മലപ്പുറം), എം.എം പ്രേമന്‍(കോഴിക്കോട്), എ.ദാമോദരന്‍(കണ്ണൂര്‍), വി. രവീന്ദ്രന്‍(കാസര്‍കോട്) എന്നിവരും എത്തിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്രസിങുമായി അടിയന്തിരാവസ്ഥ സമരനായകര്‍ ഇന്നലെ കൂടിക്കാഴ്ച നടത്തി. പെന്‍ഷന്‍ അടക്കമുള്ള ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വെയ്‌ക്കുകയാണ് സമരക്കാര്‍.
















