ന്യൂദല്‍ഹി: പിഡബ്ലുഡി അഴിമതിയില്‍ ദല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളിനും ബന്ധുവിനുമെതിരെ പരാതി നല്‍കിയ റോഡ്‌സ് ആന്റി കറപ്ഷന്‍ ഓര്‍ഗനൈസേഷന്‍ സ്ഥാപകന്‍ രാഹുല്‍ ശര്‍മ്മക്ക് സുരക്ഷ നല്‍കാന്‍ കോടതി ഉത്തരവ്.
സ്വാധീനമുള്ള വ്യക്തിക്കെതിരെയാണ് പരാതിയെന്നും പരാതിക്കാരന്റെ സുരക്ഷ പരമപ്രധാനമാണെന്നും മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് അഭിലാഷ് മല്‍ഹോത്ര പറഞ്ഞു. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് രാഹുല്‍ ശര്‍മ്മ വിശദീകരിച്ചിരുന്നു. ഇത് അന്വേഷിച്ച് നടപടിയെടുക്കാനും കോടതി അഴിമതി വിരുദ്ധ ബ്രാഞ്ചിന് നിര്‍ദ്ദേശം നല്‍കി.
തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കഴിഞ്ഞ ഫെബ്രുവരിയില്‍ സുരക്ഷ നല്‍കാന്‍ ഉത്തരവിട്ടെങ്കിലും നടപ്പാക്കിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. റോഡ് നിര്‍മ്മാണത്തിന് കരാര്‍ നല്‍കിയതിലെ ക്രമക്കേടില്‍ കെജ്‌രിവാളിനും ബന്ധവും നിര്‍മാണ കരാര്‍ കമ്പനി നടത്തിപ്പുകാരനുമായ സുരേന്ദര്‍ ബന്‍സാലിനും പങ്കുണ്ടെന്നാണ് പരാതി.
















