മലപ്പുറം: ആശങ്കപടര്‍ത്തി വീണ്ടും ജില്ലയില്‍ ഡിഫ്ത്തീരിയ പടരുമ്പോള്‍ ഒരു വിഭാഗം പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ മടികാണിക്കുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ മിഷന് ഇന്ദ്രധനുസ്സിന്റെ രണ്ടാംഘട്ടത്തില്‍ 2.55 ശതമാനം മാത്രമാണ് കുത്തിവെപ്പെടുക്കാന്‍ സന്നദ്ധരായി മുന്നോട്ടുവന്നത്. ഒന്നാംഘട്ടത്തില്‍ 35,943 കുട്ടികള്‍ക്കു കുത്തിവയ്പ് നല്‍കാനാണു ലക്ഷ്യമിട്ടിരുന്നത്. പൂര്‍ണമായോ ഭാഗികമായോ കുത്തിവെപ്പുകള്‍ ലഭിക്കാത്ത അഞ്ചുവയസ്സിനു താഴെയുള്ളവരായിരുന്നു ഇതിലേറെയും.
ഒന്നാംഘട്ടം പൂര്‍ത്തിയായപ്പോള്‍ അവരില്‍ 1,071 പേര്‍ക്ക് കുത്തിവെപ്പ് നല്കാന് കഴിഞ്ഞു. ലക്ഷ്യമിട്ടതിന്റെ 3.58 ശതമാനം മാത്രം. രണ്ടാംഘട്ടം ഈ മാസം ആദ്യവാരത്തില്‍ തുടങ്ങി കഴിഞ്ഞദിവസം അവസാനിച്ചപ്പോള്‍ 2.55 ശതമാനം
മാത്രമാണ് കുത്തിവെപ്പെടുത്തത്. 955 പങ്കെടുത്തതില്‍ 76 പേര് ഇതുവരെ കുത്തിവെപ്പെടുക്കാത്തവരായിരുന്നു.
തെറ്റിദ്ധാരണകളെ തുടര്‍ന്ന് പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകളിലേക്ക് കുട്ടികളെ എത്തിക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകുന്നില്ല.
പ്രതിരോധ കുത്തിവെപ്പ് മതവിശ്വാസത്തിനെതിരാണെന്നും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നുമുള്ള വ്യാജ പ്രചാരണങ്ങളാണ് ആളുകളെ പിന്നോട്ട് വലിക്കുന്നത്.
മിഷന് ഇന്ദ്രധനുസ്സിന്റെ മൂന്നാംഘട്ടം ജൂണ്‍ ഏഴിന് തുടങ്ങാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. അതിനു മുമ്പ് ഇനിയും കുത്തിവെപ്പെടുക്കാത്തവരുടെ കണക്കെടുക്കാന്‍ സര്‍വെ ആരംഭിച്ചിട്ടുണ്ട്.
ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 29 പേര് ഡിഫ്ത്തീരിയ രോഗലക്ഷണങ്ങളോടെ ചികിത്സ തേടി. അവരില്‍ ഏഴുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ച രോഗം സ്ഥിരീകരിച്ച മൂന്നുപേര്‍ ഇപ്പോഴും ചികിത്സയിലുണ്ട്. ആനക്കയം, തൃക്കലങ്ങോട്, അങ്ങാടിപ്പുറം എന്നിവിടങ്ങളില്‍നിന്നുള്ള കുട്ടികള്‍ക്കാണ് ഏറ്റവുമൊടുവില്‍ രോഗം സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: