കണ്ണൂര്‍: ഇരിട്ടി പയഞ്ചേരി സ്വദേശിനിയായ എഴുപതുകാരി മുഴക്കുന്നിലെ വീട്ടില്‍ തൂങ്ങിമരിച്ചത് പീഡനം മൂലമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് ആറളം സ്വദേശിയെ ഇരിട്ടി പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഉന്നത സിപിഎം നേതാവിന്റെ സഹോദരനാണ് കസ്റ്റഡിയിലുള്ളത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് വൃദ്ധയെ മുഴക്കുന്നിലെ തറവാട്ടുവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വന്തം വീട്ടില്‍ നിന്നും തറവാട്ട് വീട്ടിലേക്ക് പോയതായിരുന്നു ഇവര്‍. രണ്ട് സഹോദരിമാരായിരുന്നു ഇവിടെ താമസിച്ചിരുന്നത്. ഇതിലൊരാള്‍ അസുഖ ബാധിതയായിരുന്നതിനാല്‍ ഇരുവരും ആശുപത്രിയിലായിരുന്നു. വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു ഇവര്‍ പീഡനത്തിനിരയായത്.
ഇതില്‍ മനംനൊന്താണ് ജീവനൊടുക്കിയത്. മുഴക്കുന്ന് പോലീസ് ഇന്‍ക്വിസ്റ്റ് തയ്യാറാക്കുമ്പോള്‍ ശരീരത്തില്‍ ചതവുകള്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ പോലീസ് സൂപ്രണ്ട്, ഐജി എന്നിവരെ വിവരം അറിയിക്കുകയായിരുന്നു.
പരിയാരം മെഡിക്കല്‍ കോളേജിലെ പോലീസ് സര്‍ജന്‍ എസ്.ഗോപാലകൃഷ്ണ പിള്ളയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇവര്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്. തുടര്‍ന്ന് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്നാണ് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ കസ്റ്റഡിയില്‍ എടുത്തിട്ട് നാല്‍പ്പത്തി എട്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും അറസ്റ്റ് രേഖപ്പെടുത്താത്തത് ഇടപെടല്‍ മൂലമാണെന്ന് സംശയിക്കുന്നു.
















