കൊച്ചി: ആശുപത്രി ഉടമയായ ഡോക്ടറില്‍ നിന്ന് കൈക്കൂലി വാങ്ങിയ ആദായനികുതി വകുപ്പ് ഇന്‍സ്പെക്ടര്‍ റിമാന്‍ഡില്‍. മൂവാറ്റുപുഴ പാമ്പാക്കുട മേമുറി സ്വദേശി കെ കെ ദിനേശിനെ(42)യാണ് സി ബി ഐ കോടതി പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് ഡോക്ടറില്‍ നിന്ന് കൈക്കൂലി വാങ്ങവെ ആദായനികുതി ഇന്‍സ്പെക്ടര്‍ സി ബി ഐയുടെ പിടിയിലായത്.
ഡിസംബര്‍ 9ന് മൂവാറ്റുപുഴ പേഴയ്‌ക്കാപിള്ളി സബൈന്‍ ആശുപത്രിയില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ ദിനേശ് ഡോ. സബൈനെ സമീപിച്ച് പിഴ ഒഴിവാക്കാന്‍ പത്തു ലക്ഷം ആവശ്യപ്പെട്ടു. മാര്‍ച്ച് 31നകം പണം നല്‍കിയില്ലെങ്കില്‍ ഗുരുതരമായ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി. ഡോക്ടര്‍ വിലപേശിയതോടെ കൈക്കൂലി തുക അഞ്ച് ലക്ഷമായി കുറച്ചു.
എന്നാല്‍ ഡോ. സബൈന്‍ വിവരം സി ബി ഐയുടെ കൊച്ചിയിലെ അഴിമതി വിരുദ്ധ യൂണിറ്റിനെ അറിയിച്ചു. മൂവാറ്റുപുഴയിലെ ഒരു കേന്ദ്രത്തില്‍ വെച്ച് പണം കൈമാറാനായിരുന്നു ധാരണ. സി ബി ഐ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ഇന്‍സ്പെക്ടര്‍ക്ക് കൈമാറാനായി ഫിനോഫ്തലിന്‍ പുരട്ടിയ നോട്ട് ആശുപത്രിയിലെ ഒരു ജീവനക്കാരന്റെ കൈയില്‍ കൊടുത്തുവിട്ടു.
പണം കൈമാറുന്നതിനിടെ സി ബി ഐ ഉദ്യോഗസ്ഥര്‍ ഇന്‍സ്പെക്ടറെ കൈയോടെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് മേമുറിയിലെ ദിനേശിന്റെ വസതിയില്‍ പരിശോധന നടത്തുകയും ചില രേഖകള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഇന്നലെ വൈകീട്ട് സി ബി ഐ കോടതി ജഡ്ജ് മുമ്പാകെ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത ദിനേശിനെ വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റിഡിയില്‍ വിട്ടുകിട്ടുന്നതിന് തിങ്കളാഴ്ച സി ബി ഐ അപേക്ഷ നല്‍കും. ഇയാള്‍ക്കെതിരെ വേറെയും കൈക്കൂലി ആരോപണങ്ങളുള്ളതിനാല്‍ ഇതേക്കുറിച്ചും അനധികൃത സ്വത്ത് സംബന്ധിച്ചും അന്വേഷിക്കുമെന്ന് സി ബി ഐ വൃത്തങ്ങള്‍ അറിയിച്ചു.
















