മിയാമി: ടെന്നീസ് കോര്‍ട്ടില്‍ വീണ്ടും ക്ലാസ്സിക്ക് പോരാട്ടം. തുടര്‍ച്ചയായ മൂന്നാം ടൂര്‍ണമെന്റിലാണ് ടെന്നീസ് ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടത്തിന് കളമൊരുങ്ങിയത്. ഇതിഹാസതാരം സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡററും സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാലും മിയാമി ഓപ്പണ്‍ ടെന്നീസിന്റെ ഫൈനലിലെത്തിയതോടെയാണ് വീണ്ടും ക്ലാസ്സിക്ക് പോരാട്ടത്തിന് അരങ്ങൊരുക്കിയത്. ഈ വര്‍ഷം ആദ്യം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലും ഇന്ത്യന്‍ വെല്‍സിന്റെ നാലാം റൗണ്ടിലും ഇരുവരും ഏറ്റുമുട്ടിയിരുന്നു. രണ്ടിലും വിജയം ഫെഡറര്‍ക്കൊപ്പം നിന്നു.
ഇന്നലെ സെമിഫൈനലില്‍ ഫെഡറര്‍ ഓസ്‌ട്രേലിയയുടെ നിക്ക് കിര്‍ഗിയോസിനെയും നദാല്‍ ഇറ്റലിയുടെ ഫാബിയാനോ ഫോഗ്‌നിനിയെയും തോല്‍പ്പിച്ചാണ് ഫൈനലിലെത്തിയത്.
മൂന്നുമണിക്കൂര്‍ നീണ്ട അത്യന്തം വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് നാലാം സീഡായ റോജര്‍ ഫെഡറര്‍ 12-ാം സീഡായ ഓസ്‌ട്രേലിയയുടെ നിക്ക് കിര്‍ഗിയോസിനെ കീഴടക്കിയത്. മൂന്ന് സെറ്റും ടൈബ്രേക്കറിലേക്ക് നീണ്ട മത്സരത്തിനൊടുവിലായിരുന്നു 35കാരനായ ഫെഡററുടെ വിജയം. സ്‌കോര്‍: 7-6 (11-9) 6-7 (9-11) 7-6 (7-5).
മൂന്നാം സെറ്റ് ടൈബ്രേക്കറില്‍ കൈവിട്ടതോടെ കിര്‍ഗിയോസ് റാക്കറ്റ് കോര്‍ട്ടില്‍ വലിച്ചെറിഞ്ഞ് നിരാശ പ്രകടിപ്പിക്കുകയും ചെയ്തു. നാലാം തവണയാണ് ഫെഡറര്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കളിക്കുന്നത്. 2006നുശേഷം ആദ്യവും. രണ്ട് തവണ കിരീടം നേടിയിട്ടുണ്ട്.
മറ്റൊരു സെമിയില്‍ ഇറ്റലിയുടെ സീഡ് ചെയ്യപ്പെടാത്ത ഫാബിയോ ഫോഗ്‌നിനിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് അഞ്ചാം സീഡായ നദാല്‍ ഫൈനലിലെത്തിയത്. സ്‌കോര്‍: 6-1, 7-5. ആദ്യ സെറ്റ് നദാല്‍ അനായാസം നേടിയെങ്കിലും രണ്ടാം സെറ്റില്‍ നല്ല വെല്ലുവിളിയാണ് നേരിട്ടത്. അഞ്ചാം തവണയാണ് നദാല്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കളിക്കുന്നത്. എന്നാല്‍ ഒരിക്കല്‍ പോലും ഇവിടെ കിരീടം നേടാന്‍ നദാലിന് കഴിഞ്ഞിട്ടില്ല.
അതേസമയം വനിതാ ഡബിള്‍സില്‍ ഇന്ത്യയുെട സാനിയ മിര്‍സ- ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബോറ സ്ട്രിക്കോവ സഖ്യം ഫൈനലില്‍. സെമിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ്- ചൈനീസ് തായ്‌പേയിയുടെ യുങ് ജാന്‍ ചാന്‍ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-7, 6-8, 6-1, 10-4. ഫൈനലില്‍ കനേഡിയന്‍-ചൈനീസ് ജോടികളായ ഗബ്രിയേല ഡബ്രോവസ്‌കി-സു യിഫാന്‍ സഖ്യത്തെയാണ് സാനിയ സഖ്യം നേരിടുക.
















