ന്യൂദല്‍ഹി : കടലാസില്‍ മാത്രമുള്ള കമ്പനികള്‍ക്കായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ശക്തമാക്കി. ഇതിന്റെ ഭാഗമായി പതിനാറു സംസ്ഥാനങ്ങളിലായി ഇരുനൂറോളം സ്ഥലങ്ങളില്‍ റെയ്ഡുകള്‍ നടത്തി.
കടലാസില്‍ മാത്രമുളള 2300 കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തെരച്ചില്‍ ആരംഭിച്ചത്. ഇതുവരെയുള്ള അന്വേഷണത്തില്‍ ആയിരത്തോളം വ്യാജ കമ്പനികളെ കണ്ടെത്താനായിട്ടുണ്ട്. ഇവയില്‍ ഭൂരിഭാഗവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിനുശേഷം രൂപം കൊണ്ടിട്ടുള്ളതാണ്.
അതിനാല്‍ ഇവയ്‌ക്ക് പണം തട്ടിപ്പുമായി എതെങ്കിലും വിധത്തിലുള്ള ബന്ധമുണ്ടോ എന്നും അന്വേഷണം നടത്തുന്നുണ്ട്. ദല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഭുവനേശ്വര്‍, കൊല്‍ക്കത്ത തുടങ്ങിയ മെട്രോ നഗരങ്ങളിലാണ് ഇഡി തെരച്ചില്‍ നടത്തിയത്.
നോട്ട് അസാധുവാക്കലിനുശേഷം 500, 1000 നോട്ടുകള്‍ വെളുപ്പിക്കാന്‍ മുന്നൂറോളം കമ്പനികള്‍ ശ്രമിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. രാഷ്‌ട്രീയക്കാരുടെ പക്കലുണ്ടായിരുന്ന പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സഹായിച്ചവരെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.
മുംബൈ അന്ധേരി സ്വദേശിയായ ജഗ്ദീഷ് പുരോഹിത് എഴുനൂറോളം വ്യാജ കമ്പനികള്‍ നടത്തുന്നതായും കണ്ടെത്തി. ഇയാള്‍ എന്‍സിപിക്കാരനാണ്. മുന്‍ മഹാരാഷ്‌ട്ര മന്ത്രി ഛഗന്‍ ഭുജ്ബലിനു വേണ്ടിയാണ് ഇയാള്‍ ഇവ നടത്തിയിരുന്നത്. ഇത്തരത്തില്‍ ഭുജ്ബലിന്റെ 46 കോടിയോളം രൂപ ഇയാള്‍ വെളുപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. ഭുജ്ബല്‍ ഇപ്പോള്‍ അഴിമതിക്കേസില്‍ ജയിലിലാണ്.
















