തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിന്റെ പുസ്തകം സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചീഫ് സെക്രട്ടറി നളിനി നെറ്റോ. പുസ്തകത്തില്‍ തിരുത്തല്‍ വരുത്തിയ ശേഷമേ പുറത്തിറക്കാന്‍ അനുമതി നല്‍കാവൂവെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി.
ജേക്കബ് തോമസിന്റെ ‘സ്രാവുകള്‍ക്ക് ഒപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകത്തിനെതിരെ നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ജേക്കബ് തോമസ് പുസ്തകമെഴുതാന്‍ കഴിഞ്ഞ ഒക്‌ടോബറില്‍ അനുമതി തേടിയിരുന്നു. എന്നാല്‍, പുസ്തകത്തിന്റെ ഉള്ളടക്കം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഏപ്രില്‍ 22ന് ജേക്കബ് തോമസിന് കത്ത് നല്‍കിയിരുന്നു. ഇതിന് മറുപടി ലഭിച്ചിരുന്നു.
കേന്ദ്ര സര്‍വീസ് ചട്ടം പുസ്തകത്തില്‍ 10 തവണ ലംഘിക്കപ്പെട്ടു എന്ന് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ കൂടുതല്‍ പരിശോധന വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
















