തിരുവനന്തപുരം: കുട്ടികള്‍ക്കെതിരായ ശാരീരിക മാനസിക പീഡനങ്ങള്‍ സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യാന്‍ സ്‌പെഷ്യല്‍ ജുവനൈല്‍ പോലീസ് യൂണിറ്റ് സ്ഥാപിക്കണമെന്ന് സ്ത്രീകളുടെ കുട്ടികളുടെയും വികലാംഗരുടെയും ക്ഷേമം സുബന്ധിച്ച നിയമസഭാ സമിതി അനാഥലക്ഷ്യങ്ങളെ സംബന്ധിച്ച സമര്‍പ്പിച്ച പ്രത്യേക റിപ്പോര്‍ട്ടില്‍ ശുപാര്‍ശചെയ്തു.
ഭിക്ഷാടനത്തിന്റെ മറവില്‍ മനുഷ്യക്കടത്ത്, മയക്കുമരുന്ന് ദുരുപയോഗം തുടങ്ങിയ ക്രിമിനല്‍ പ്രവര്‍ത്തികള്‍ക്ക് കുട്ടികളെ ഇരയാക്കുന്നു. ഇക്കാര്യത്തില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തണം. നിസ്സഹായവരായവരെ പുനഃരധിവസിപ്പിക്കണം. മതസ്ഥാപനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കെല്ലാം രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുകയും ഓഡിറ്റിന് വിധേയമാക്കുകയും വേണം. എല്ലാ സ്ഥാപനങ്ങളിലും അന്തേവാസികളെ സംബന്ധിച്ച പൂര്‍ണ രജിസ്റ്റര്‍ ഉണ്ടാവണം, ഭൗതിക സൗകര്യങ്ങള്‍ ഉറപ്പുവരുത്തണം.
അന്തേവാസികള്‍ക്ക് ഗ്രാന്റ് വര്‍ധിപ്പിക്കണം, എല്ലാ സ്ഥാപനങ്ങളിലും ഐഡികാര്‍ഡ് ഉറപ്പുവരുത്തണം, കുട്ടികളെ പാര്‍പ്പിക്കുന്ന സ്ഥാപനങ്ങള്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം തുടങ്ങിയ ശുപാര്‍ശകള്‍ സമിതി റിപ്പോര്‍ട്ടിലുണ്ട്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളെ അനാഥാലയങ്ങളില്‍ താമസിപ്പിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എല്ലാ ജില്ലകളിലും അമ്മത്തൊട്ടില്‍ സ്ഥാപിക്കണമെന്നും സ്വകര്യത ഉറപ്പുവരുത്തണമെന്നുമുണ്ട്.
















