തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസിനെ നീക്കിയ സംഭവത്തില്‍ ദുരൂഹതകളേറെ. ചോദ്യങ്ങളും നിരവധി.
‘പൊന്നുകായ്‌ക്കുന്ന മരമായാലും പുരയ്‌ക്ക് മീതെ ചാഞ്ഞാല്‍ മുറിക്കണം.’ പണ്ടേക്കുപണ്ടേ കേട്ടുകൊണ്ടിരിക്കുന്ന ചൊല്ലാണിത്. ജേക്കബ് തോമസ് സര്‍ക്കാരിന്റെ മുകളില്‍ ചാഞ്ഞുനില്‍ക്കുകയായിരുന്നോ? നിയമസഭയിലെ ചര്‍ച്ചകളും നീതിന്യായ കോടതിയിലെ പരാമര്‍ശങ്ങളും കേട്ടാല്‍ അങ്ങനെ തോന്നും.
കുറച്ചുനാളായി കേട്ടുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയായിരുന്നു? എന്തുകൊണ്ടാണ് വിജിലന്‍സ് ഡയറക്ടറെ മാറ്റാത്തതെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് മൗനം പാലിച്ച സര്‍ക്കാര്‍ എന്തുകൊണ്ടാണ് ജേക്കബ് തോമസിനോട് അവധിയില്‍ പ്രവേശിക്കാന്‍ പറഞ്ഞത്? ഒരു മാസത്തെ അവധിയെടുത്ത ജേക്കബ് തോമസ് ഇനി കൂട്ടിലേക്കില്ല. സര്‍ക്കാര്‍ ജോലി അദ്ദേഹത്തിന് മടുത്തു. ശിഷ്ടകാലം മറ്റെന്തെങ്കിലും ജോലിചെയ്ത് ജീവിക്കുമെന്നാണ് പറയുന്നത്. ഇങ്ങനെയൊരു തീരുമാനത്തിലെത്താന്‍ തന്റേതായ കാരണങ്ങളുണ്ട്. അത് പിന്നെ പറയുമെന്നാണ് അദ്ദേഹം അറിയിച്ചത്. തത്തമ്മേ പൂച്ച, പൂച്ച എന്നായിരിക്കില്ല ജേക്കബ് തോമസ് വെളിപ്പെടുത്താന്‍ പോകുന്നത്.
ജേക്കബ് തോമസ് ഒരു സംഭവം തന്നെ എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. പ്രതിപക്ഷം കുരിശുമായി പിറകെ നടന്നപ്പോഴും പാര്‍ട്ടിയിലെ ഒരു വിഭാഗം ഇയാളെ പേറിയാല്‍ പേറിയവരും നാറുമെന്ന് അടക്കം പറഞ്ഞപ്പോഴും ‘ഈ കട്ടില്‍ കണ്ട് പനിക്കേണ്ട’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. മുഖ്യമന്ത്രിയുടെ നിലപാടിനോട് നല്ല നമസ്‌കാരം ജേക്കബ് തോമസ് അറിയിച്ചിച്ചിട്ട് ഏറെ ദിവസമായില്ല. പിന്നെന്തേ ഇയാളോട് പോകാന്‍ പറഞ്ഞത്? ആര്‍ക്കാണ് ഇപ്പോള്‍ പനിച്ചത്. പനിയില്ലാത്ത ലോകനാഥ് ബഹ്‌റക്കെന്തിനാണ് വിജിലന്‍സിന്റെ കട്ടില്‍ നല്‍കിയത്? ഉത്തരം കിട്ടേണ്ട ചോദ്യങ്ങള്‍ നിരവധി.
പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഒരു കാര്യം വ്യക്തമാക്കി. ജേക്കബ് തോമസിനെ ഒഴിവാക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ല. കേന്ദ്ര നേതൃത്വവും ആവര്‍ത്തിക്കുന്നു ജേക്കബ് തോമസിനെ മാറ്റുന്ന കാര്യം സംസ്ഥാന സര്‍ക്കാറോ പാര്‍ട്ടിയോ ചോദിച്ചിട്ടുമില്ല ഞങ്ങളൊട്ട് അറിഞ്ഞിട്ടുമില്ല. പിന്നെന്ത് മറിമായമാണിത്. ഇപ്പോള്‍ പുറത്തുവന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടും ഹൈക്കോടതിയുടെ ചോദ്യവുമാണോ കാരണം? ലാവ്‌ലിന്‍ കേസിന് ഹാജരായ മുന്തിയ വക്കീലിന്റെ ഉപദേശം ഇതിന്റെ പിന്നിലില്ലെ? സാല്‍വെയെ കാണാന്‍ ലോക്‌നാഥ് ബെഹ്‌റയും നളിനി നെറ്റോയും പോയപ്പോള്‍ ലഭിച്ച ഉപദേശം ജേക്കബ് തോമസിനെ മാറ്റുന്നതാണ് നല്ലതെന്നല്ലെ? ഇ.പി. ജയരാജന്റെ കുരുക്ക് മുറുക്കിയപ്പോള്‍ തോന്നാത്ത കാര്യം സ്വന്തം കാര്യം വന്നപ്പോള്‍ തോന്നിയോ?
മുഖ്യമന്ത്രി മൗനം ദീക്ഷിച്ചാലും ചോദ്യങ്ങള്‍ കെട്ടടങ്ങുന്നില്ല. ജേക്കബ് തോമസിനെ മാറ്റിയതിലെ നിഗൂഢത വെളിച്ചത്ത് കൊണ്ടുവരണമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്. നിയമപരമായും ധാര്‍മ്മികമായും തെറ്റായ കീഴ്‌വഴക്കമാണ് മുഖ്യമന്ത്രി സൃഷ്ടിച്ചതെന്നാക്ഷേപിച്ച, പ്രതിപക്ഷ നേതാവ് കോടതി പരാമര്‍ശമാണോ നടപടിക്ക് പ്രേരകമായതെന്നാരാഞ്ഞു. ജേക്കബ് തോമസ് വിശുദ്ധ മാലാഖയൊന്നുമല്ലെന്നാണ് കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍ പ്രതികരിച്ചത്. ജേക്കബ് തോമസിനെ മാറ്റിയതിനെ ഹസന്‍ സ്വാഗതം ചെയ്തിട്ടുമുണ്ട്.
സര്‍ക്കാര്‍ തീരുമാനത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബിജെപി വിലയിരുത്തിയത്. പ്രധാനപ്പെട്ട അഴിമതിക്കേസുകളുടെ അന്വേഷണം നടക്കുന്നു. കോടതികളില്‍ നടപടി കാത്തുകിടക്കുകയും ചെയ്യുന്നു. അതിനിടയില്‍ എന്തുകൊണ്ട് വിജിലന്‍സ് ഡയറക്ടറെ മാറ്റി എന്നാണ് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ചോദിച്ചത്. ഭരണത്തിലെ ചില അദൃശ്യശക്തികള്‍ ചരട് വലിക്കുന്നു എന്നും നിരീക്ഷിക്കുന്നു. മുഖ്യമന്ത്രി മൗനം ദീക്ഷിക്കുകയാണെങ്കിലും ജേക്കബ് തോമസിനെ മാറ്റിയതുതന്നെയെന്നാണ് മന്ത്രി എം.എം. മണി അറിയിച്ചത്. ജേക്കബ് തോമസ് വിഷയത്തില്‍ ഭരണമുന്നണിയിലും പ്രതിപക്ഷമുന്നണിയിലും വ്യത്യസ്ത നിലപാടാണെന്നാണ് ഇതൊക്കെ വ്യക്തമാക്കുന്നത്.
















