തിരുവനന്തപുരം: പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിൽ ഭക്ഷ്യവിഷബാധയേറ്റ നാനൂറോളം ജവാന്മാരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അറുനൂറോളം പേർക്ക് ഭക്ഷ്യ വിഷബാധ ഏറ്റതായാണ് അനൗദ്യോഗിക വിവരം.
ശനിയാഴ്ച വൈകീട്ട് എട്ടരയോടെയാണ് സംഭവം. രാത്രിഭക്ഷണത്തിലെ മീൻ കറിയിൽനിന്നാണ് വിഷബാധയുണ്ടായതെന്ന് സംശയിക്കുന്നു. ഛർദി, തലവേദന, ശാരീരിക അസ്വാസ്ഥ്യം എന്നിവ അനുഭവപ്പെടുകയായിരുന്നു. പലരും ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞുവീണു. തുടർന്ന് ക്യാമ്പിലെ ബസുകളിലും ട്രക്കുകളിലും ആംബുലൻസുകളിലും സ്വകാര്യവാഹനങ്ങളിലുമായി വിവിധ ആശുപത്രികളിലെത്തിക്കുകയായിരുന്നു.
സംഭവത്തെതുടർന്ന് പരിശോധനക്കെത്തിയ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരെ സി.ആർ.പി.എഫ് ജവാന്മാർ ഗേറ്റിൽ തടഞ്ഞു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഇടപെട്ടതിനെതുടർന്നാണ് ഉദ്യോഗസ്ഥരെ അകത്തുകടക്കാൻ അനുവദിച്ചത്. അടിയന്തരസാഹചര്യം നേരിടാൻ പതിനഞ്ചോളം ആംബുലൻസുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും മംഗലപുരം പൊലീസ് പറഞ്ഞു.
















