കൊച്ചി: എയിംസ് പ്രവേശന പരീക്ഷയ്‌ക്ക് ശിരോവസ്ത്രം ധരിച്ച് ഹാജരാകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ ശിരോവസ്ത്രം ധരിച്ച് എത്തുന്ന വിദ്യാര്‍ത്ഥികള്‍ പരിശോധനയ്‌ക്കായി ഒരു മണിക്കൂര്‍ മുമ്പ് പരീക്ഷാ സെന്ററില്‍ ഹാജരാകണമെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു. മതാചാരപ്രകാരം ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതാന്‍ എത്തുന്നവരെ അനുവദിക്കും.
നേരത്തെ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന്റെയും എയിംസിന്റെയും വിശദീകരണം ഹൈക്കോടതി തേടിയിരുന്നു. മതാചാരപ്രകാരമുള്ള ശിരോവസ്ത്രം അണിഞ്ഞ് കുട്ടികള്‍ പരീക്ഷയ്‌ക്കെത്തുന്നതില്‍ എതിര്‍പ്പില്ലെന്നും പരിശോധനയ്‌ക്ക് സമയം നല്‍കണമെന്നുമായിരുന്നു എയിംസ് അധികൃതരുടെ നിലപാട്. ഇതു കണക്കിലെടുത്താണ് കുട്ടികള്‍ പരീക്ഷാ സമയത്തിന് ഒരു മണിക്കൂര്‍ മുമ്പ് പരിശോധനയ്‌ക്ക് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. മുസ്‌ലിം മതാചാരപ്രകാരം ജീവിക്കുന്നവരാണെന്നും സ്ത്രീകള്‍ മുഖമൊഴികെയുള്ള ശരീരഭാഗങ്ങള്‍ മറച്ചു പുറത്തിറങ്ങണമെന്ന മതപരമായ നിര്‍ദ്ദേശം പാലിക്കാന്‍ തങ്ങള്‍ ബാദ്ധ്യസ്ഥരാണെന്നും ഹര്‍ജിക്കാരികള്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മേയ് 28 ന് നടക്കുന്ന എയിംസ് പ്രവേശന പരീക്ഷയ്‌ക്ക് ശിരോവസ്ത്രം ധരിച്ച് ഹാജരാകരുതെന്ന വ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് സ്വദേശിനികളായ ഫിദ ഫാത്തിമ, അയിഷ മഷൂറ തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്.
















