കൊച്ചി: കുഞ്ഞുങ്ങള്‍ക്ക് വിശ്വാസികള്‍ ക്രൈസ്തവ പേരുകള്‍ നല്‍കണമെന്ന് ഇടുക്കി ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടില്‍.
ക്രിസ്തീയ നാമത്തില്‍ അറിയപ്പെടുന്നത് ക്രിസ്തുവിന് സാക്ഷ്യം വഹിക്കലാണെന്നും കുടുംബത്തെ സംബന്ധിച്ചുള്ള ഇടയലേഖനത്തില്‍ ബിഷപ്പ് ചൂണ്ടിക്കാട്ടുന്നു.
വിശ്വാസവും ക്രൈസ്തവ മാതൃകയും പ്രഘോഷിക്കുന്ന പരമ്പരാഗത പേരുകള്‍ ഉപയോഗിക്കാനും അതില്‍ അഭിമാനിക്കാനും ക്രൈസ്തവര്‍ക്കു കഴിയണം.
വിശുദ്ധരുടെ മാതൃക വരും തലമുറകളിലേക്കു കൈമാറുന്നത് അവരുടെ പേരുകളിലൂടെയാണെന്നും ഇടയലേഖനം ഓര്‍മിപ്പിക്കുന്നു. പാരമ്പര്യ രീതിയില്‍ ശിശുക്കളുടെ മാമ്മോദീസ എട്ടാം ദിവസം തന്നെ നടത്തുന്നതാണ് ഉചിതം.
മക്കളെ വിശുദ്ധരായി വളര്‍ത്താനും താത്പര്യമുള്ളവരെ പൗരോഹിത്യസന്ന്യാസ ജീവിതാവസ്ഥകളിലേക്കു നയിക്കാനും മാതാപിതാക്കള്‍ ശ്രദ്ധിക്കണം.
വിശ്വാസത്തിന്റെ അപചയം മൂലമാണ് ഹൃദയവിശുദ്ധിയും ശരീരവിശുദ്ധിയും നഷ്ടപ്പെടുന്നത്. കുട്ടികള്‍ക്ക് മാതൃകയാകാനും അവര്‍ക്കായി പ്രാര്‍ത്ഥിക്കാനും മാതാപിതാക്കള്‍ ശ്രദ്ധിക്കണം.
ഒപ്പം കുട്ടികളുടെ മൊബൈല്‍ ഫോണ്‍, ഫേസ്ബുക്ക്, വാട്‌സ് ആപ്പ് ഉപയോഗവും നിയന്ത്രിക്കണം. സിവില്‍ സര്‍വീസ്, പബ്ലിക് സര്‍വീസ്, രാഷ്‌ട്രീയം തുടങ്ങിയ മേഖലകളില്‍ താത്പര്യമുള്ളവരെ പ്രോത്സാഹിപ്പിക്കണമെന്നും ഇടയലേഖനത്തിലുണ്ട്. 23ന് പള്ളികളില്‍ വായിക്കണമെന്ന നിര്‍ദേശത്തോടെയാണ് ഇടയലേഖനം പുറപ്പെടുവിച്ചിട്ടുള്ളത്.
















