തിരുവനന്തപുരം: സ്പീക്കറും പ്രതിപക്ഷാംഗങ്ങളും തമ്മിലുണ്ടായ വാക്‌പോര് നിയമസഭയില്‍ നാടകീയരംഗങ്ങള്‍ സൃഷ്ടിച്ചു. പ്രതിപക്ഷം സ്പീക്കറെ ഭീഷണിപ്പെടുത്തുന്നെന്ന് മുഖ്യമന്ത്രി വ്യാഖ്യാനിച്ചതോടെ പ്രതിപക്ഷം പ്രതിഷേധിച്ച് സഭ വിട്ടിറങ്ങി.
കൃഷിവകുപ്പിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള തര്‍ക്കം ചൂണ്ടിക്കാട്ടി വി.ഡി. സതീശന്‍ കൊണ്ടുവന്ന അടിയന്തരപ്രമേയമാണ് തുടക്കം. കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതഗോപിനാഥിന്റെ അച്ഛനെക്കുറിച്ച് പരാമര്‍ശിച്ചത് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ തടഞ്ഞതാണ് ബഹളത്തിന് കാരണമായത്. വിഷയത്തില്‍ ഒതുങ്ങി നിന്ന് സംസാരിക്കണമെന്ന സ്പീക്കറുടെ ഇടപെടല്‍ സതീശനെ ചൊടിപ്പിച്ചു. സ്പീക്കര്‍ നിഷ്പക്ഷനാകണമെന്നും വിഷയാവതരണത്തിന് ബലം നല്‍കാന്‍ അനുബന്ധ വസ്തുതകള്‍ കൂടി ഉദ്ധരിക്കേണ്ടി വരുമെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ചെയറിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കേണ്ടെന്നായിരുന്നു സ്പീക്കറുടെ മറുപടി.
ഇതോടെ പ്രതിപക്ഷ ബഹളം രൂക്ഷമായി. അവര്‍ മുദ്രാവാക്യം വിളികളുമായി സ്പീക്കറുടെ ഡയസിനെ വളഞ്ഞു. സ്പീക്കറെ ന്യായീകരിക്കാന്‍ ഭരണപക്ഷവും ബഹളവുമായി എഴുന്നേറ്റു.
സ്പീക്കറുടെ അനാവശ്യ ഇടപെടലാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്പീക്കര്‍ പക്ഷപാതപരമായാണ് പെരുമാറുന്നത്.
കൃഷിവകുപ്പിലെ ഉദ്യോഗസ്ഥപ്പോര് പ്രശ്‌നമല്ലെന്നും ഉദ്യോഗസ്ഥരുടെ അഭിപ്രായഭിന്നത മറികടന്ന് ഭരണം കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ടെങ്കില്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം തള്ളി. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി.
















