ന്യൂദല്‍ഹി: റിയോ ഒളിമ്പിക്സ് ഗുസ്തിയിലെ വെങ്കല മെഡല്‍ ജേത്രി സാക്ഷി മാലിക് വിവാഹിതയായി. ഗുസ്തി താരമായ സത്യവര്‍ത് കാദിയാണ് വരന്‍. റോത്തക്കില്‍ നടന്ന ചടങ്ങില്‍ ബന്ധുക്കളെയും, സുഹൃത്തുക്കളെയും സാക്ഷിയാക്കി സത്യവര്‍ത്ത് കാദിയാന്‍ സാക്ഷി മാലിക്കിനെ ജീവിത പങ്കാളിയാക്കി.ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു
ഒളിമ്പിക്സ് നേട്ടത്തിന് പിന്നാലെ തന്റെ പ്രണയത്തെ സംബന്ധിച്ചുളള വിവരം ബംഗാളി ദിനപത്രമായ ആനന്ദബസാര്‍ പത്രികയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ സാക്ഷി വെളിപ്പെടുത്തിയിരുന്നു.
ഒളിമ്പിക്‌സില്‍ വനിതകളുടെ 58 കിലോ ഫ്രീ സ്‌റ്റൈല്‍ ഗുസ്തിയിലാണ് സാക്ഷി രാജ്യത്തിന്റെ അഭിമാനമായി വെങ്കല മെഡല്‍ സ്വന്തമാക്കിയത്.
സാക്ഷിയെക്കാള്‍ രണ്ടു വയസിന് ഇളയതാണ് ഇരുപത്തിരണ്ടു വയസുള്ള സത്യവര്‍ത്. അര്‍ജുന അവാര്‍ഡ് ജേതാവ് സത്യവാന്‍ പെഹലേവാനിന്റെ മകനാണ്. 2010 യൂത്ത് ഒളിംപിക്സ് ഗുസ്തിയില്‍ വെങ്കല മെഡല്‍ നേടിയിട്ടുണ്ട്. മത്സരങ്ങള്‍ക്കും പരിശീലനത്തിനുമിടെയാണ് ഇവര്‍ പ്രണയത്തിലായത്.
















