മിയാമി: ടെന്നീസ് ലോകത്തെ ക്ലാസ്സിക്ക് ഫൈനലില്‍ വീണ്ടും റോജര്‍ ഫെഡറര്‍. മിയാമി ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലാണ് റോജര്‍ ഫെഡറര്‍ എതിരാളിയും കരുത്തിന്റെ പ്രതീകവുമായ റാഫേല്‍ നദാലിനെ കീഴടക്കിയത്. തുടര്‍ച്ചയായ സെറ്റുകള്‍ക്കായിരുന്നു ഫെഡററുടെ വിജയം. സ്‌കോര്‍: 6-3, 6-4. ഫെഡററുടെ മൂന്നാമത് മിയാമി കിരീടമാണിത്. ഒപ്പം ചാമ്പ്യന്‍ഷിപ്പിന്റെ ചരി്രതത്തില്‍ കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന ബഹുമതിയും ഇനി ഫെഡ് എക്‌സ്പ്രസ്സിന് സ്വന്തം. ഈ വര്‍ഷം ഫെഡറര്‍ സ്വന്തമാക്കുന്ന മൂന്നാമത്തെ കിരീടമായി ഇത്.
നേരത്തെ ഓസ്‌ട്രേലിയന്‍, ഇന്ത്യന്‍ വെല്‍സ് കിരീടവും ഫെഡറര്‍ നേടിയിരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണിലും നദാലിനെയായിരുന്നു പരാജയപ്പെടുത്തിയത്. ഇന്ത്യന്‍ വെല്‍സില്‍ നാലാം റൗണ്ടിലും ഫെഡ് എക്‌സ്പ്രസ്സിന് മുന്നില്‍ നദാല്‍ വീണിരുന്നു. ആദ്യ സെറ്റ് 6-3ന് ഫെഡറര്‍ അനായാസം സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റില്‍ കടുത്ത വെല്ലുവിളിയാണ് നദാല്‍ ഉയര്‍ത്തിയത്. രണ്ടാം സെറ്റില്‍ 4- 4 എന്ന നിലയില്‍ ഒപ്പത്തിനൊപ്പമെത്തിയ ശേഷമാണ് സ്പാനിഷ് താരം അടിയറവു പറഞ്ഞത്. അതേസമയം, ഇരുവരും തമ്മില്‍ 37 തവണ ഏറ്റുമുട്ടിയപ്പോള്‍ 23 തവണയും ജയം നദാലിനൊപ്പമായിരുന്നു.
പരിക്കിനു ശേഷം തിരിച്ചെത്തിയ ഫെഡറര്‍ കളിക്കളത്തില്‍ മികച്ച പ്രകടമാണ് കാഴ്ച വയ്‌ക്കുന്നത്. മിയാമി കിരീടനേട്ടത്തോടെ എടിപി റാങ്കിങ്ങില്‍ ഫെഡറര്‍ നാലാം സ്ഥാനത്തേക്കുയര്‍ന്നു. നേരത്തെ ആറാമതായിരുന്നു സ്വിസ് താരം. ഫൈനലില്‍ തോറ്റെങ്കിലും ഫെഡററും രണ്ട് സ്ഥാനം മുന്നോട്ടുകയറി അഞ്ചാമതായി. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് മാറ്റമില്ല. ആന്‍ഡി മുറെ, നൊവാക് ദേ്യാക്കോവിച്ച്, സ്റ്റാനിസ്ലാവ് വാവ്‌റിങ്ക എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.
അതേസമയം വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ സഖ്യം ഫൈനലില്‍ തോറ്റു. സാനിയ-ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബോറാ സ്‌ട്രൈക്കോവ സഖ്യം നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കനേഡിയന്‍-ചൈനീസ് ജോടികളായ ഗബ്രിയേല ഡബ്രോവസ്‌കി-സു യിഫാന്‍ സഖ്യത്തോട് കീഴടങ്ങിയത്. സ്‌കോര്‍: 6-4, 6-3.
















