തിരുവനന്തപുരം: കേരളത്തിലേക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വലിയ അളവില്‍ വൈദ്യുതി കൊണ്ടുവരാന്‍ കഴിയുന്ന എച്ച്‌വിഡിസി (ഹൈ വോള്‍ട്ടേജ് ഡയറക്ട് കറന്റ്) പ്രസരണസംവിധാനം സ്ഥാപിക്കാനുള്ള ഓര്‍ഡര്‍ സീമെന്‍സ് സുമിടോമോ ഇലക്ട്രിക് ഇന്‍ഡസ്ട്രീസ് കൂട്ടുകെട്ടിനു ലഭിച്ചു.
പദ്ധതിയുടെ നടത്തിപ്പുകാരായ പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് 520 കോടി ഡോളറി (ഏകദേശം 3,370 കോടി രൂപ) ന്റെ ഓര്‍ഡര്‍ ഈ കൂട്ടുകെട്ടിനു നല്‍കിയത്. ഇതില്‍ 1,682 കോടി രൂപ സീമെന്‍സ് ലിമിറ്റഡിനുള്ളതാണ്. കേരളത്തിനു തടസരഹിതമായ വൈദ്യുതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് എച്ച്‌വിഡിസി ലിങ്ക് സ്ഥാപിക്കുന്നത്. 1000 മെഗാവാട്ട് വീതം ശേഷിയുള്ള രണ്ട് കണ്‍വെര്‍ട്ടര്‍ സ്‌റ്റേഷനുകളാണ് സീമെന്‍സ് നിര്‍മിക്കുക.
തമിഴ്‌നാട്ടിലെ പുഗലൂരില്‍ നിന്നുള്ള കണ്‍വെര്‍ട്ടര്‍ സ്‌റ്റേഷനില്‍ നിന്ന് കേരളത്തിലേ ആദ്യ ട്രാന്‍സ്മിഷന്‍ സ്‌റ്റേഷനിലേക്ക് ലൈന്‍ വഴിയാണ് വൈദ്യുതി പ്രസരിപ്പിക്കുന്നത്. 2020 പകുതിയോടെ ഗ്രിഡ് കണക്ഷന്‍ പൂര്‍ത്തിയാകും.
















