ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ ദയനീയ തോല്‍വിക്ക് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെ കുറ്റപ്പെടുത്തുന്ന സമാജ്‌വാദി പാര്‍ട്ടിക്ക് അപര്‍ണ യാദവിന്റെ തിരുത്ത്. തന്നെ തോല്‍പ്പിച്ചത് വോട്ടിംഗ് യന്ത്രമല്ലെന്നും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളാണെന്നും അപര്‍ണ തുറന്നടിച്ചു. പാര്‍ട്ടി സ്ഥാപകന്‍ മുലായത്തിന്റെ മരുമകളായ അപര്‍ണ ലക്‌നൗ കന്റോണ്‍മെന്റ് സീറ്റിലാണ് മത്സരിച്ചത്. കോണ്‍ഗ്രസ്സില്‍ നിന്ന് ബിജെപിയിലെത്തിയ റീത്ത ബഹുഗുണ ജോഷിയാണ് ഇവിടെ ജയിച്ചത്.
പാര്‍ട്ടിയിലെ ചില നേതാക്കള്‍ പിന്നില്‍ നിന്ന് കുത്തിയതാണ് താന്‍ തോറ്റതിന് കാരണമെന്ന് അപര്‍ണ പറഞ്ഞു. പ്രചാരണത്തില്‍ മുതിര്‍ന്ന നേതാക്കള്‍ സജീവമായിരുന്നില്ല. മുലായത്തിന്റെ രണ്ടാം ഭാര്യ സാധനയുടെ മകന്‍ പ്രതീകിന്റെ ഭാര്യയാണ് അപര്‍ണ. പാര്‍ട്ടിയിലെയും കുടുംബത്തിലെയും കലഹത്തില്‍ അഖിലേഷ് യാദവിന്റെ എതിര്‍പക്ഷത്തായിരുന്നു അവര്‍.
ഇപ്പോഴത്തെ ആരോപണം അഖിലേഷിനെതിരെയെന്നാണ് വിലയിരുത്തല്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപര്‍ണ സന്ദര്‍ശിച്ചതും വാര്‍ത്തയായിരുന്നു. അപര്‍ണ നടത്തുന്ന ഗോശാല ആദിത്യനാഥും സന്ദര്‍ശിച്ചിരുന്നു. മുലായത്തിന്റെ ‘ഛോട്ടി ബാഹു’ ബിജെപിയോട് അടുക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
















