പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ശുദ്ധജലക്ഷാമം രൂക്ഷം.തീര്‍ത്ഥാടകരുടെ ആവശ്യങ്ങള്‍ക്കു മാത്രമല്ല ക്ഷേത്രത്തിലെ നിത്യചടങ്ങുകള്‍ക്കുവരെ മതിയായ ശുദ്ധജലം ലഭിക്കുന്നില്ല. പടിപൂജക്ക് പതിനെട്ടാംപടി വെള്ളമുപയോഗിച്ച് കഴുകാന്‍ പോലും വെള്ളത്തിന് ബുദ്ധിമുട്ടി.
വെള്ളം സംഭരിക്കാന്‍ 1.20കോടി ലിറ്റര്‍ വെള്ളം ശേഖരിക്കാന്‍ കഴിയുന്ന ജലസംഭരണികള്‍ നിലവിലുണ്ട്. കുന്നാര്‍ഡാമില്‍ നിന്നും വെള്ളം സംഭരണികളിലെത്തും. ഇതിനുപുറമെ പമ്പയില്‍ നിന്നും പമ്പുചെയ്തും ശുദ്ധജലമെത്തിക്കാന്‍ സംവിധാനമുണ്ട്. എന്നാല്‍ വേനലായതോടെ കുന്നാര്‍ ഡാമില്‍നിന്നുള്ള നീരൊഴുക്ക് കുറഞ്ഞു. പമ്പയിലും ജലനിരപ്പ് താഴ്ന്നു. സന്നിധാനത്ത് നട തുറന്നിരിക്കുമ്പോള്‍ പ്രതിദിനം അമ്പത് ലക്ഷം ലിറ്ററിലേറെ വെള്ളം ഉപയോഗിക്കുന്നതായി അധികൃതര്‍ പറയുന്നു.
പൈങ്കുനി ഉത്രം ഉത്സവത്തിനായി നട തുറന്നിട്ട് അഞ്ച് ദിവസം കഴിയുമ്പോഴേക്കും സംഭരണശേഷിയിലേറെ വെള്ളം ഉപയോഗിക്കേണ്ടി വന്നു. അതനുസരിച്ച് പമ്പയില്‍ നിന്ന് വെള്ളം പമ്പുചെയ്ത് സന്നിധാനത്ത് എത്തിക്കാന്‍ കഴിഞ്ഞുമില്ല.
പമ്പയില്‍ നിന്ന് ഏഴ് ലക്ഷം ലിറ്റര്‍ വെള്ളം ദിവസം രണ്ട് മണിക്കൂര്‍ വീതം പമ്പു ചെയ്ത് സന്നിധാനത്തെത്തിക്കുന്നുണ്ടെന്നാണ് ജലവിഭവവകുപ്പ് ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നത്.
















