കൊച്ചി: വിജിലന്‍സ് ഡയറക്ടറെ മാറ്റാന്‍ നിര്‍ദേശിച്ചെന്ന് തെറ്റായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തവര്‍ കോടതിയെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചുവെന്ന് ഹൈക്കോടതി.
ജേക്കബ് തോമസ് ലീവില്‍ പ്രവേശിച്ചതാണോ സര്‍ക്കാര്‍ നീക്കിയതാണോ എന്നതു വ്യക്തമല്ല.
കോടതിയെക്കൂടി വലിച്ചിഴയ്‌ക്കുന്ന തരത്തിലുള്ള അനാവശ്യ വിവാദങ്ങളിലേക്കും ചാനല്‍ ചര്‍ച്ചകളിലേക്കും നയിച്ചു. ഒരു ടി.വി ചാനലും ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു അഭിഭാഷകനും ഔചിത്യത്തിന്റെയും മാന്യതയുടെയും തൊഴില്‍പരമായ മര്യാദയുടെയും എല്ലാ അതിര്‍ത്തികളും ലംഘിച്ചു.
കോടതിയുടെ പരിഗണനയിലുള്ള റിവിഷന്‍ ഹര്‍ജിയില്‍ വിധി സമ്പാദിക്കാന്‍ പരോക്ഷമായി വിലപേശലാണ് നടത്തിയത്. ഇത്തരത്തിലുള്ള ചാനല്‍ ചര്‍ച്ചകള്‍ നീതി നിര്‍വഹണത്തിലുള്ള ഇടപെടലാണ്.
കോടതി പരിഗണനയിലുള്ള കേസിനെ വലിച്ചിഴച്ചത് ധിക്കാരപരമാണ്. കോടതിയില്‍ എന്താണ് നടന്നതെന്ന് അന്വേഷിക്കാതെയും മനസിലാക്കാതെയുമാണ് ചാനലുകള്‍ ഇത്തരം ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നത്.
ന്യായാധിപന്മാര്‍ക്ക് വാര്‍ത്താ സമ്മേളനം നടത്താനോ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാനോ കഴിയില്ല. ജുഡീഷ്യല്‍ ഉത്തരവുകളിലൂടെയാണ് ന്യായാധിപര്‍ സംസാരിക്കുന്നത്.
കോടതിയുടെ പരിഗണനയിലിരിക്കുന്ന മറ്റൊരു കേസുമായി ഇതിനെ ബന്ധിപ്പിക്കാന്‍ മാദ്ധ്യമങ്ങളുടെ ഭാഗത്തു നിന്നും ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ചില മാദ്ധ്യമ പ്രവര്‍ത്തകരുടെയും അഭിഭാഷകരുടെയും ഭാഗത്തു നിന്നും ശ്രമമുണ്ടായി.
ഇതു കളവും നീചവുമാണ്. വിജിലന്‍സ് ഡയറക്ടറെ മാറ്റിയതാണോ അദ്ദേഹം അവധിയില്‍ പോയതാണോ എന്നത് വ്യക്തമല്ല. അത് കോടതിയുടെ പരിഗണനയിലുള്ള വിഷയമല്ല. അതില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കട്ടെ.
വിജിലന്‍സിന്റെ ഭാഗത്തു നിന്നുള്ള അമിതാധികാരത്തോടു കൂടിയ ഇടപെടല്‍ കോടതി പലതവണ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങളൊന്നും ചാനല്‍ ചര്‍ച്ചയില്‍ പരാമര്‍ശിച്ചില്ല.
ഉത്തരവാദിത്വമുള്ളതും സത്യസന്ധമായതുമായ മാദ്ധ്യമങ്ങള്‍ ഈ ഉത്തരവ് പ്രസിദ്ധീകരിക്കുമെന്നാണ് കോടതിയുടെ പ്രതീക്ഷയെന്നും കോടതി നിരീക്ഷിച്ചു.
















