അജ്മീര്‍: മുസ്ലീങ്ങള്‍ ബീഫ് കഴിക്കുന്നത് അവസാനിപ്പിക്കണം, മുത്തലാഖ് അനിസ്ലാമികമാണ് തുടങ്ങിയ അഭിപ്രായങ്ങള്‍ പൊതുപരിപാടിയില്‍ പറഞ്ഞ അജ്മീര്‍ ദര്‍ഗ ഷെരീഫ് സൈനുള്‍ അബ്ദീന്‍ അലി ഖാനെ പുറത്താക്കി. ഭരണസമിതയുടെ അനുവാദത്തോടെ ഖാന്റെ സഹോദരന്‍ അലാവുദ്ദീന്‍ അലിമിയാണ് സൈനുളിനെ പുറത്താക്കിയത്. പുതിയ ഷെരീഫ് (ദിവാന്‍) അലാവുദ്ദീന്‍ അലിമിയാണ്.
മുഴുവന്‍ കുടുംബത്തിന്റെയും പിന്തുണയോടെയാണ് താന്‍ സഹോദരനെ പുറത്താക്കിയതെന്ന് അലിമി പറഞ്ഞു. സഹോദരന്‍ സൈനുള്‍ അബ്ദിന്‍ അമുസ്ലീമാണെന്നും ദൈവവിരോധിയാണെന്നും അലിമി പ്രഖ്യാപിച്ചു. സൈനുള്‍ ഇസ്ലാമിക നിയമങ്ങള്‍ക്ക് എതിരെയാണ് സംസാരിച്ചത്.
എനിക്ക് ശമ്പളത്തില്‍ താല്പ്പര്യമില്ല. അത് സൈനുള്‍ എടുത്തോട്ടെ. അയാള്‍ ദര്‍ഗയില്‍ പ്രവേശിക്കാന്‍ ഇനി അനുവദിക്കില്ല. അയാള്‍ പറഞ്ഞതെല്ലാം ദൈവവിരുദ്ധമാണ്. ഞാന്‍ മുഫ്തിമാരോട് സംസാരിച്ചു. ഞങ്ങള്‍ അയാള്‍ക്ക് എതിരെ ഫത്വ പുറപ്പെടുവിക്കും. അയാള്‍ ഇനി മുസ്ലീമല്ല. അലിമി തുടര്‍ന്നു. മൊയ്‌നുദീന്‍ ചിഷ്ടിയുടെ നേരെയുള്ള പിന്‍ഗാമിയെന്ന നിലയ്‌ക്ക് 1987ല്‍ സുപ്രീം കോടതിയാണ് സൈനുള്‍ അബ്ദീനെ ദര്‍ഗ ദിവാനായി നിയമിച്ചത്.
ഖ്വാജ മൊയ്‌നുദ്ദീന്‍ ചിഷ്ടിയുടെ കബറിടമാണ് അജ്മീര്‍ ദര്‍ഗ. ചിഷ്ടിയുടെ ഇരുപത്തിരണ്ടാമത് തലമുറയാണ് ഇപ്പോള്‍ ഇവിടം ഭരിക്കുന്നത്. ഇവിടുത്തെ മൗലവി പദം പരമ്പരാഗതമായി ലഭിക്കുന്നതാണ്. സൈനുളിനെ പുറത്താക്കി സഹോദരന്‍ അലിമിയാണ് അധികാരം ഏറ്റെടുത്തത്.
ഗോവധം നിരോധിക്കണമെന്നും മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാന്‍ മുസ്ലീങ്ങള്‍ ഗോമാംസം ഭക്ഷിക്കുന്നത് അവസാനിപ്പിക്കണമെന്നും പശുവിനെ ദേശീയ മൃഗമാക്കി പ്രഖ്യാപിക്കണമെന്നും മറ്റും വിവിധ ദര്‍ഗകളുടെ മേധാവികളുടെ യോഗത്തില്‍ സൈനുള്‍ പറഞ്ഞിരുന്നു.
















