ന്യൂദല്‍ഹി : അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാരിനു കനത്ത തിരിച്ചടിയായി ഷുന്‍ഗ്‌ലു സമിതി റിപ്പോര്‍ട്ട് പുറത്തു വന്നു. കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ വന്‍ തോതില്‍ അധികാര ദുര്‍വിനിയോഗം നടത്തിയിട്ടുണ്ടെന്നാണ് സമിതിയുടെ കണ്ടത്തല്‍. കഴിഞ്ഞ വര്‍ഷം അന്നത്തെ ദല്‍ഹി ലെഫ്റ്റനന്റ് ജനറല്‍ നജീബ് ജംഗ് നിയോഗിച്ച മൂന്നംഗ ഷുന്‍ഗ്‌ലു സമിതി അവരുടെ റിപ്പോര്‍ട്ട് പരസ്യമാക്കിയിരുന്നില്ല.
എന്നാല്‍ കഴിഞ്ഞ ദിവസം വിവരാവകാശ നിയമ പ്രകാരം റിപ്പോര്‍ട്ടു പുറത്തു വന്നു.
പാര്‍ട്ടി ഓഫീസ് നിര്‍മിക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് സ്ഥലം അനുവദിച്ചത്, സംസ്ഥാന ആരോഗ്യ മന്ത്രിയുടെ മകളെ ഹെല്‍ത്ത് മിഷന്‍ ഡയറക്ടറുടെ ഉപദേശകയാക്കിയത് തുടങ്ങി അധികാര ദുര്‍വിനിയോഗത്തിന്റെ നിരവധി തെളിവുകളാണ് സമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
വിവിധ വകുപ്പു മേധാവികള്‍ക്ക് 2015 ഏപ്രിലില്‍ കെജ്‌രിവാള്‍ അയച്ച സര്‍ക്കുലര്‍ അധികാരം മുഴുവന്‍ തനിക്കു കീഴിലേക്കു കേന്ദ്രീകരിക്കാനുള്ള ആദ്യ ശ്രമമായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലഫ്റ്റനന്റ് ഗവര്‍ണറുമായി ആലോചിക്കാതെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ വകുപ്പു മേധാവികള്‍ക്കു നിര്‍ദേശം നല്‍കുന്ന സര്‍ക്കുലറായിരുന്നു ഇത്. ദല്‍ഹിയുടെ ഭരണത്തില്‍ ലെഫ്റ്റനന്റ് ഗവര്‍ണ്ണര്‍ക്കുള്ള നിയമപരമായ അധികാരം മറികടക്കാനായിരുന്നു ഈ സര്‍ക്കുലറെന്ന് സമിതി വിലയിരുത്തുന്നു. ഇതിന്റെ മറവില്‍ മന്ത്രിമാര്‍ അവരുടെ ഇഷ്ടത്തിനനുസരിച്ച് തീരുമാനങ്ങളെടുത്തു.
ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനിന്റെ മകള്‍ സൗമ്യ ജെയിനിനെ ആരോഗ്യ മിഷന്‍ ഡയറക്ടറുടെ ഉപദേശകയാക്കിയത് എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തിയാണെന്ന് സമിതി കണ്ടെത്തി. ആര്‍ക്കിടെക്ടായ സൗമ്യയെ എന്തടിസ്ഥാനത്തിലാണ് ഈ തസ്തകയില്‍ നിയമിച്ചതെന്നു മനസ്സിലാവുന്നില്ല. നിയമനത്തിനായി സൗമ്യ നല്‍കിയ ബയോഡേറ്റയില്‍ ആ പദവിയുമായി ബന്ധപ്പെട്ട യോഗ്യതകള്‍ ഒന്നുമില്ല, റിപ്പോര്‍ട്ടില്‍ പറയുന്നു.
നൂറ്റൊന്നു പേജ് റിപ്പോര്‍ട്ടില്‍ കെജ്‌രിവാള്‍ സര്‍ക്കാര്‍ സ്വന്തം താത്പര്യങ്ങള്‍ക്കായി അധികാരം ദുരുപയോഗിച്ചതിന്റെ നിരവധി ഉദാഹരണങ്ങള്‍ നിരത്തുന്നു. എപിപിക്കു പാര്‍ട്ടി ഓഫിസ് നിര്‍മിക്കാന്‍ സ്ഥലം അനുവദിച്ചതിനെ നിയമ വിരുദ്ധം എന്നാണ് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നത്. ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാളിന് താമസിക്കാന്‍ വീട് അനുവദിച്ചതിനേയും സമിതി ചോദ്യ ചെയ്യുന്നു.
പോലീസിലെ അഴിമതി വിരുദ്ധ വിഭാഗത്തില്‍ ഉദ്യോഗസ്ഥരെ നിയമിച്ചത്. ഗവര്‍ണറുടെ അനുമതിയില്ലാതെയുള്ള മന്ത്രിമാരുടെ വിദേശയാത്രകള്‍, സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമനം ഇങ്ങനെ എല്ലാ രംഗത്തും കെജ്‌രിവാള്‍ സര്‍ക്കാര്‍ നിയമവിരുദ്ധമായാണ് പ്രവര്‍ത്തിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
















