ന്യൂദല്‍ഹി: സര്‍ക്കാരില്‍ നിന്ന് ഫണ്ട് വാങ്ങി ധൂര്‍ത്തടിക്കുന്ന സര്‍ക്കാരിതര സംഘടനകളും (എന്‍ജിഒ), സന്നദ്ധ സംഘടനകളും സൂക്ഷിക്കുക, ഇനി ആ പണി പറ്റില്ല. ഓരോ പദ്ധതിക്കും ലഭിക്കുന്ന പണം വകമാറ്റി ചെലവാക്കാനാകില്ല. കൃത്യമായ കണക്കും നല്‍കേണ്ടിവരും. എന്‍ജിഒകളുടെയും സന്നദ്ധ സംഘടനകളുടെയും പ്രവര്‍ത്തനത്തിന് സുപ്രീംകോടതി നിര്‍ദേശ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇത്തരം നിബന്ധനകളുള്ളത്. നിര്‍ദേശങ്ങള്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു.
നീതി ആയോഗിന്റെ ‘എന്‍ജിഒ-ദര്‍പണ്‍’ എന്ന വെബ്‌സൈറ്റില്‍ എന്‍ജിഒകളും സന്നദ്ധ സംഘടനകളും രജിസ്റ്റര്‍ ചെയ്യണമെന്നാണ് പ്രധാന നിബന്ധന. മുന്‍കാല പ്രവര്‍ത്തനം, ഫണ്ട് വിനിയോഗം, വര്‍ഷാന്ത്യ ഓഡിറ്റ് റിപ്പോര്‍ട്ട്, സംഘടനകളുടെ പ്രധാന ഭാരവാഹികള്‍ എന്നീ വിവരങ്ങള്‍ നിര്‍ബന്ധമായും നല്‍കണം. വിവരങ്ങള്‍ വ്യാജമാണെങ്കില്‍ സംഘടനയെ കരിമ്പട്ടികയിലുള്‍പ്പെടുത്തി, ഭാരവാഹികളെ പ്രോസിക്യൂട്ട് ചെയ്യും. ഇന്‍കം ടാക്‌സ്, വിദേശ സംഭാവന വിനിമയ ചട്ടങ്ങളും ഇവര്‍ക്ക് ബാധമാകും.
സംഘടനകളുടെ ഭാരവാഹികളും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ബോണ്ട് നല്‍കണമെന്നത് മറ്റൊരു പ്രധാന വ്യവസ്ഥ. അനുവദിച്ച പണം നിശ്ചിത പ്രവൃത്തിക്ക് വിനിയോഗിക്കാതിരിക്കുകയോ, നിശ്ചിത സമയത്തിനുള്ളില്‍ ചെലവിടാതിരുന്നാലോ ഇതു ബാധകം. 10 ശതമാനം പലിശയോടെ മുഴുവന്‍ തുകയോ, ബാക്കി തുകയോ തിരികെ നല്‍കേണ്ടിവരും. രാഷ്‌ട്രപതിയുടെ പേരിലാണ് ബോണ്ട് നല്‍കേണ്ടത്.
വര്‍ഷം ശരാശരി 1,000 കോടി രൂപ വിവിധ എന്‍ജിഒകള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കുമായി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നു. 33 ലക്ഷം സംഘടനകളുണ്ടെങ്കിലും 3.07 ലക്ഷം മാത്രമാണ് കൃത്യമായി കണക്കു സമര്‍പ്പിക്കുന്നത്. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹര്‍, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
















