തിരൂര്‍: നഗരത്തിലെ മാലിന്യ പ്രശ്നം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളവും ഇറങ്ങിപ്പോക്കും.
നാറാണത്ത് ഭ്രാന്തന്റെ ഭരണമാണ് നഗരത്തിലെന്ന് പ്രതിപക്ഷം ആരോപിച്ചു. ബസ് സ്റ്റാന്‍ഡിലെ മലിനജല സംസ്കരണ പ്ലാന്റുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെയായിരുന്നു പ്രതിപക്ഷത്തിന്റ ബഹിഷ്കരണം. കൗണ്‍സില്‍ വിട്ടിറങ്ങിയ അംഗങ്ങള്‍ പ്രവേശന കവാടത്തില്‍ നിന്ന് പ്രതിഷേധിക്കുന്നതിനിടെ മറ്റെല്ലാ അജണ്ടകളും ചര്‍ച്ചയില്ലാതെ പാസാക്കി ചെയര്മാന് യോഗം അവസാനിപ്പിച്ചു.
പ്രതിപക്ഷത്ത് നിന്ന് പി.കെ.കെ തങ്ങളാണ് മാലിന്യ പ്രശ്നം ഉന്നയിച്ച് രംഗത്തെത്തിയത്.
കിഴക്കെ അങ്ങാടി, ബസ് സ്റ്റാന്‍ഡ് ഭാഗങ്ങളിലെ മലിനജലക്കെട്ട് മൂലം വ്യാപാരം മന്ദഗതിയിലായിട്ടുണ്ടെന്നും നഗരസഭ ശാശ്വത പരിഹാരം കാണാത്തത് മൂലം നഗരം വൃത്തിഹീനമായതായും അദ്ദേഹം ആരോപിച്ചു. മഴ പെയ്യുമ്പോഴുള്ള വെള്ളക്കെട്ട് മാത്രമാണ് നഗരത്തിലുള്ളതെന്നും ഇത് സാധാരണമാണെന്നും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ബാവ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
നഗരത്തെ മോശമായി ചിത്രീകരിക്കുന്ന പ്രസ്താവനകളില്‍ നിന്ന് മാറി നില്‍ക്കണമെന്ന് ആവശ്യപ്പെടുകയും ഇത് എല്ലാ നഗരങ്ങളിലുമുള്ളതാണെന്ന് വ്യക്തമാക്കുകയും ചെയ്തു. നഗരസഭ ലാഘവത്തോടെയാണ് മാലിന്യ പ്രശ്നത്തെ കാണുന്നതെന്ന് ലീഗ് അംഗം പി.കോയ കുറ്റപ്പെടുത്തി. കിഴക്കെ അങ്ങാടിയെ നഗരസഭ നരകസഭയാക്കിയിരിക്കുകയാണെന്ന് കോയ പറഞ്ഞു.
നഗരസഭ അനക്സ് ഭൂമിയില്‍ മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംഭവം അന്വേഷിച്ച് നടപടിയെടുക്കുമെന്ന നഗരസഭ ചെയര്‍മാന്റെ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
മാലിന്യ പ്രശ്നം രണ്ട് വര്‍ഷം കൊണ്ടുണ്ടായതല്ലെന്നും കാലങ്ങളായുള്ളതാണെന്നും തുടര്‍ച്ചയായി 15 വര്‍ഷം ഭരിച്ചിട്ടും നടപടിയെടുക്കാതിരുന്നവരാണ് പ്രതിപക്ഷമെന്നുമായിരുന്നു ഭരണപക്ഷ അംഗങ്ങളുടെ വാദം.
പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നത് തടയാനുള്പ്പടെ ധീരമായ നടപടിയെടുത്തത് ഈ ഭരണ സമിതിയാണെന്നും അത്തരം നടപടികളുമായി മുന്നോട്ട് പോകുമെന്നും അവര്‍ പറഞ്ഞു. നാജിറ അഷ്റഫ്, കെ. വേണുഗോപാല്‍, അബ്ദുറഹ്മാന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: