ന്യൂദല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്‌ക്ക് ഹസീനയ്‌ക്ക് ദല്‍ഹിയില്‍ ഊഷ്മള വരവേല്‍പ്പ്. പ്രോട്ടോക്കോളുകള്‍ മറികടന്ന് ഷേയ്‌ക്ക് ഹസീനയെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് സ്വീകരിച്ചു. നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഇന്ത്യയിലെത്തിയത്.
യാതൊരു ഗതാഗത നിയന്ത്രണങ്ങളുമില്ലാതെയാണ് മോദി സഞ്ചരിച്ചത്. നേരത്തെ റിപ്പബ്ളിക് ദിനത്തിലെ മുഖ്യാതിഥി അബുദാബി കിരീടാവകാശി ഷെയ്‌ക്ക് മുഹമ്മദ് ബിന്‍ നായിഫ് അല്‍ നഹ്യാനെ പ്രോട്ടോക്കോള്‍ മറികടന്ന് പ്രധാനമന്ത്രി സ്വീകരിക്കാന്‍ എത്തിയിരുന്നു.
ഏഴ് വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഷേയ്‌ക്ക് ഹസീന ഇന്ത്യയിലെത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ സൈനിക സഹകരണം, ആണവ സഹകരണം എന്നിവ ഉള്‍പ്പെടെ വിവിധ മേഖലകളിലായി 25ഓളം നിര്‍ണ്ണായക കരാറുകള്‍ ഒപ്പുവയ്‌ക്കുമെന്നാണ് കരുതുന്നത്. ടീസ്റ്റ് വാട്ടര്‍ ഷെയറിംഗ് കരാര്‍ ഒപ്പുവച്ചേക്കുമെന്നും സൂചനയുണ്ട്. 500 മില്യണ്‍ യുഎസ് ഡോളറിന്റെ സൈനിക ഉപകരണങ്ങള്‍ കൈമാറുന്നതിനുള്ള കരാറിലും ഇരു രാജ്യങ്ങളും ഒപ്പുവയ്‌ക്കും.
വെള്ളിയാഴ്ച രാഷ്‌ട്രപതി ഭവനില്‍ തങ്ങുന്ന ഷേയ്‌ക്ക് ഹസീന ശനിയാഴ്ച മുതല്‍ പ്രധാനമന്ത്രിയും മറ്റ് ഉന്നതരുമായും കൂടിക്കാഴ്ച നടത്തും. രാഷ്‌ട്രപതി പ്രണാബ് മുഖര്‍ജി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി എന്നിവരുമായും ഷേക്ക് ഹസീന കൂടിക്കാഴ്ച നടത്തും.
















