തെരഞ്ഞെടുപ്പുകളിലെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ എന്ന സെമിനാര്‍ ന്യൂദല്‍ഹിയില്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി ഉദ്ഘാടനം ചെയ്യുന്നു. ജസ്റ്റിസ് ജെ.എസ്. ഖേഹര്‍ (ഇടതുനിന്ന് രണ്ടാമത്) സമീപം
ന്യൂദല്‍ഹി: രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയെ സാക്ഷിയാക്കി രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ജെ.എസ്. ഖേഹറിന്റെ രൂക്ഷ വിമര്‍ശനം. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നും ഇതിന് പാര്‍ട്ടികള്‍ സമാധാനം പറയണമെന്നും ന്യൂദല്‍ഹിയില്‍ തെരഞ്ഞെടുപ്പുകളിലെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ എന്ന സെമിനാറില്‍ പങ്കെടുത്ത് ജസ്റ്റിസ് ഖേഹര്‍ പറഞ്ഞു. പ്രണബ് മുഖര്‍ജിയാണ് സെമിനാര്‍ ഉദ്ഘാടനം ചെയ്തത്.
ജനങ്ങള്‍ എല്ലാം പെട്ടെന്ന് മറക്കുന്നവരായതിനാല്‍ പ്രകടനപത്രിക വെറും കടലാസ് മാത്രമായി. വാഗ്ദാനങ്ങള്‍ നടപ്പാക്കാത്തതിന് അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായ ഐക്യം ഉണ്ടാക്കാനായില്ലെന്ന നാണംകെട്ട ന്യായീകരണമാണ് പാര്‍ട്ടികള്‍ പറയുന്നത്. പ്രകടനപത്രിക നടപ്പാക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് ഉത്തരവാദിത്വമുണ്ട്. വീഴ്ചകള്‍ക്ക് അവര്‍ കണക്കുപറയേണ്ട സാഹചര്യമുണ്ടാകണം. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെയും പ്രകടനപത്രികയില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ സാമ്പത്തിക, സാമൂഹ്യ സാഹചര്യം മെച്ചപ്പെടുത്താനുള്ള ഭരണഘടനയുടെ ലക്ഷ്യങ്ങളും തെരഞ്ഞെടുപ്പ് പരിഷ്‌കരണങ്ങളും സൂചിപ്പിച്ചിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
തെരഞ്ഞെടുപ്പ് പരിഷ്‌കരണത്തിന്റെ അനിവാര്യത സെമിനാറില്‍ സംസാരിച്ച ജസ്റ്റിസ് ദീപക് മിശ്രയും ചൂണ്ടിക്കാട്ടി. വിലയ്‌ക്ക് വാങ്ങാനുള്ള ശേഷിക്ക് തെരഞ്ഞെടുപ്പില്‍ സ്ഥാനമുണ്ടാകരുത്. മത്സരിക്കുന്നത് നിക്ഷേപമായി സ്ഥാനാര്‍ത്ഥികള്‍ കാണരുത്. ധാര്‍മ്മികതയും മൂല്യങ്ങളും കണക്കിലെടുത്താകണം ജനങ്ങള്‍ വോട്ടു ചെയ്യേണ്ടത്.
പ്രലോഭനമില്ലാതെ ജനങ്ങള്‍ വോട്ടുചെയ്യുന്ന ദിവസം ജനാധിപത്യത്തിലെ ഏറ്റവും മഹത്തായ ദിനമാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ജനാധിപത്യ അടിത്തറ ശക്തമായ തെരഞ്ഞെടുപ്പ് സംവിധാനത്തിലാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ രാഷ്‌ട്രപതി പറഞ്ഞു. സമയബന്ധിതമായ തെരഞ്ഞെടുപ്പ് പരിഷ്‌കരണം അനിവാര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ബാര്‍ കൗണ്‍സിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
















