തിരുവനന്തപുരം: ആദിവാസികള്‍ക്ക് റവന്യൂ പട്ടയം നല്‍കാനുള്ള നടപടികള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
1977 ജനുവരി ഒന്നിന് മുന്‍പ് വനഭൂമി കൈവശമുണ്ടായിരുന്നതും വനം-റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന കഴിഞ്ഞ് സുപ്രീംകോടതിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും അനുമതി ലഭിച്ചതുമായ പ്രദേശങ്ങളില്‍പെടുന്ന ആദിവാസികള്‍ക്കാണ് റവന്യൂപട്ടയം നല്‍കുന്നത്.
വിവിധ ജില്ലകളിലായി കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതില്‍ 1200 ഏക്കറാണ് ഇതേവരെ വിതരണം ചെയ്തത്. 1964ലെ ഭൂമി പതിവ് ചട്ടങ്ങള്‍ അനുസരിച്ച് ഭൂമി വിതരണത്തിനുണ്ടായ തടസങ്ങള്‍ മാറ്റി 17000 ഏക്കര്‍ വരുന്ന ബാക്കി ഭൂമി കൂടി വിതരണം ചെയ്യുന്നതിനായി മൂന്നംഗ കമ്മിറ്റി രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്.
















